
മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഡിസ് അബാബയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ആബൂന മത്ഥ്യാസ് പാത്രിയർക്കീസുമായി കൂടിക്കാഴ്ച്ച നടത്തുന്നു.
ആഡിസ് അബാബ : എത്യോപ്യൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ആബൂന മത്ഥ്യാസ് പാത്രിയർക്കീസും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും കൂടിക്കാഴ്ച്ച നടത്തി. ആഡിസ് അബാബയിലെ പാത്രിയാർക്കേറ്റ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച്ച. ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിലെ ഇരുസഭകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സഭാതലവൻമാർ ചർച്ച നടത്തി. എത്യോപ്യൻ - ഇന്ത്യൻ ഓർത്തഡോക്സ് സഭകളുടെ വൈദിക സെമിനാരികളിൽ ഇരുസഭകളിലെയും വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപെരുന്നാളിൽ സംബന്ധിക്കുന്നതിനുള്ള ക്ഷണം സ്വീകരിച്ചതിന് പരിശുദ്ധ പാത്രിയർക്കീസ് നന്ദി രേഖപ്പെടുത്തി. എത്യോപ്യൻ ഓർത്തഡോക്സ് സഭ നൽകിയ ഊഷ്മളമായ വരവേൽപ്പിന് പരിശുദ്ധ കാതോലിക്കാ ബാവായും നന്ദി പറഞ്ഞു.
മെത്രാപ്പോലീത്താമാരായ അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, നാഗ്പൂർ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോസി ജേക്കബ്, എക്യൂമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ.ഗീവർഗീസ് ജോൺസൺ, സഭാ വർക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ജോജോ പി ജോൺ എന്നിവർ സംബന്ധിച്ചു.
എത്യോപ്യയിലെ സെന്റ് മേരീസ് പള്ളി, സബാത്ത കോൺവന്റ് എന്നിവ മലങ്കരസഭാധ്യക്ഷൻ സന്ദർശിച്ചു. 250 ഓളം കുട്ടികളെ സംരക്ഷിച്ച് പഠിപ്പിക്കുന്ന കോൺവന്റിന് 1 മില്യൺ എത്യോപ്യൻ ബിർ സ്നേഹസമ്മാനമായി നൽകുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. കന്യാസ്ത്രീകൾ നേതൃത്വം നൽകുന്ന കോൺവന്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും ബാവാ കൂട്ടിച്ചേർത്തു. എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്ലി സെലാസിയുടെ പത്നി മെനൻ ചക്രവർത്തിനി 1960 -ൽ വിട്ടുനൽകിയ വസതിയിലാണ് കോൺവന്റ് പ്രവർത്തിക്കുന്നത്. ശ്ലൈഹിക സന്ദർശനത്തിന്റെ മൂന്നാംദിനമായ ഇന്ന് ( 26-09-2026 ) മെസ്ക്കൽ സ്ക്വയറിൽ നടക്കുന്ന സ്ലീബാപെരുന്നാളിൽ മലങ്കരസഭാ തലവൻ മുഖ്യാതിഥിയാകും.
Photo Courtesy - Google







