
എഥനോൾ ഉത്പാദനത്തിനായി ചോളം വൻതോതിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ രാജ്യത്തെ കോഴിവളർത്തൽ മേഖല പ്രതിസന്ധിയിൽ. കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതും വില കുതിച്ചതും മുട്ടവില ഉയരാൻ കാരണമാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മുട്ടവിലയിൽ 35 മുതൽ 40 ശതമാനം വരെ വർധന രേഖപ്പെടുത്തിയതായി നാഷണൽ എഗ്ഗ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഇസിസി) കണക്കുകൾ വ്യക്തമാക്കുന്നു.
തണുപ്പുകാലം ആരംഭിക്കുന്നതോടെ മുട്ടയുടെ ആവശ്യകത വർധിക്കുമെന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാരമേഖലയുടെ വിലയിരുത്തൽ.
ചോളവിലയിൽ വൻ കുതിപ്പ്
രാജ്യത്തെ ചോള ഉത്പാദനം പ്രതിവർഷം ഏകദേശം 43.4 ദശലക്ഷം ടണ്ണാണ്. ഇതിൽ നിലവിൽ 17 ദശലക്ഷം ടൺ, അതായത് ഏകദേശം 37 ശതമാനം, എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്നുണ്ട്. 2030ഓടെ എഥനോൾ മേഖലയിലെ ചോളത്തിന്റെ ഉപയോഗം 25 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചോളത്തിന്റെ വിലയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്. മൂന്ന് വർഷം മുൻപ് ടണ്ണിന് ഏകദേശം 14,000 രൂപയായിരുന്ന ചോളത്തിന് ഇപ്പോൾ 26,500 രൂപയിലേക്കാണ് വില ഉയർന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം വിലയിൽ 20 ശതമാനം വർധനയുണ്ടായി.
കോഴിത്തീറ്റയുടെ പ്രധാന അസംസ്കൃത വസ്തുവായ ചോളത്തിന് വില ഉയരുന്നത് കോഴി, മുട്ട ഉത്പാദനച്ചെലവിൽ നേരിട്ട് പ്രതിഫലിക്കും. കോഴിവളർത്തൽ മേഖലയിലെ മൊത്തം ഉത്പാദനച്ചെലവിന്റെ 65 മുതൽ 70 ശതമാനം വരെ തീറ്റയ്ക്കാണ് ചെലവാകുന്നത്.
ചോളം കിട്ടാനില്ല; ഇറക്കുമതി ആശ്രയം കൂടുന്നു
ആഭ്യന്തര ആവശ്യകത ഉയർന്നതോടെ ഇന്ത്യയുടെ ചോളം കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. നേരത്തെ ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് വലിയ തോതിൽ ചോളം കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോൾ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഇറക്കുമതിയിലേക്ക് തിരിയുകയാണ്.
2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ചോളം ഇറക്കുമതി ഏകദേശം 10 ലക്ഷം ടണ്ണിലെത്തി. നിലവിൽ ഏകദേശം അഞ്ച് ലക്ഷം ടൺ ചോളം ഇറക്കുമതി ചെയ്യുന്നുണ്ട്. മ്യാൻമർ, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ജനിതകമാറ്റം വരുത്താത്ത (നോൺ-ജിഎംഒ) ചോളം എത്തിക്കുന്നത്.
കാലാവസ്ഥയും തിരിച്ചടി
ചോളത്തിന്റെ ലഭ്യതക്കുറവിന് പുറമേ കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും സോയാബീൻ ഉൾപ്പെടെയുള്ള മറ്റ് തീറ്റച്ചേരുവകളുടെ വിലവർധനയും കോഴിവളർത്തൽ മേഖലയിലെ ചെലവ് വർധിപ്പിക്കുന്നുണ്ട്. തീറ്റച്ചെലവ് ഉയരുന്നതോടെ മുട്ടയുടെയും കോഴിയിറച്ചിയുടെയും വിലയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുന്നു.
എഥനോൾ ഉത്പാദനത്തിനുള്ള ചോളത്തിന്റെ ഉപയോഗം വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നയം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ഇടയാക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. ആഭ്യന്തര ചോളം ഉത്പാദനം വർധിപ്പിച്ച് ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ മുട്ടയ്ക്കും കോഴിയിറച്ചിക്കും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.










