
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി വിജയകരമായി മുന്നേറുന്നതിനിടെ, പാചക ആവശ്യങ്ങൾക്കായി എൽപിജിക്ക് പകരം എഥനോൾ അധിഷ്ഠിത ഇന്ധനം അവതരിപ്പിക്കാനുള്ള സാധ്യത കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. രാജ്യത്തെ എഥനോൾ ഉത്പാദനം ഗണ്യമായി വർധിച്ചതോടെ, ഗതാഗത മേഖലയ്ക്ക് പുറമെ പുതിയ ഉപയോഗമേഖലകൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുകയെന്ന ഇ-20 ലക്ഷ്യം കൈവരിച്ചതോടെ, രാജ്യത്ത് എഥനോൾ ഉത്പാദനവും വിതരണ ശൃംഖലയും കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. ഗതാഗത ആവശ്യങ്ങൾക്ക് വേണ്ടതിലധികം എഥനോൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന സാഹചര്യത്തിലാണ് പാചക ഇന്ധനമായും ഇത് പ്രയോജനപ്പെടുത്താനുള്ള ആലോചന.
നിലവിലെ എൽപിജി സിലിണ്ടറുകളിൽ എഥനോൾ നേരിട്ട് ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ, എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക സ്റ്റൗകളും ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രത്യേക കണ്ടെയ്നറുകളും വിപണിയിലെത്തിക്കാനാണ് പദ്ധതി. എൽപിജിയെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ ഈ ഇന്ധനം ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
എൽപിജി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, കരിമ്പ്, ചോളം തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് കൂടുതൽ വരുമാനമാർഗം സൃഷ്ടിക്കുക, അധികമായി ഉത്പാദിപ്പിക്കുന്ന എഥനോൾ ഫലപ്രദമായി വിനിയോഗിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ആദ്യഘട്ടത്തിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, വ്യാവസായിക അടുക്കളകൾ എന്നിവിടങ്ങളിലാകും എഥനോൾ സ്റ്റൗകൾ അവതരിപ്പിക്കുക. തുടർന്ന് പദ്ധതി ഘട്ടംഘട്ടമായി വീടുകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.










