
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) പദ്ധതിയിൽ സമഗ്രമായ പരിഷ്കാരം കൊണ്ടുവരാൻ കേന്ദ്രസർക്കാർ. ഇഎസ്ഐ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയാക്കുന്നതാണ് പ്രധാന മാറ്റം. ഇതിനൊപ്പം ഇഎസ്ഐ ആശുപത്രിയിലെത്തുന്ന രോഗികളെ അവിടെ സൗകര്യമില്ലെങ്കിൽ മികച്ച സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാനും സംവിധാനം ഒരുക്കും. ഇതു സംബന്ധിച്ച ശുപാർശകൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.
കഴിഞ്ഞ എട്ടുവർഷമായി 21,000 രൂപയാണ് ഇഎസ്ഐ അംഗമാകാനുള്ള ശമ്പളപരിധി. വർഷങ്ങളായി ശമ്പളപരിധിയിൽ മാറ്റംവരുത്താത്തതിനാൽ ഒരു കോടിയോളം തൊഴിലാളികളാണ് സൗജന്യചികിത്സാ ആനുകൂല്യങ്ങളിൽനിന്ന് പുറത്തായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാലുടൻ തൊഴിൽ മന്ത്രാലയവും ഇഎസ്‌ഐ കോർപ്പറേഷനും പരിഷ്കാരങ്ങൾ നടപ്പിലാക്കും.
ജൂണിൽ ഷിംലയിൽനടന്ന ഇഎസ്‌ഐ കോർപ്പറേഷൻ യോഗത്തിന്റെ അജൻഡയിൽ ശമ്പളപരിധി വർധന ഉൾപ്പെടുത്താത്തതിൽ തൊഴിലാളിസംഘടനകൾ കടുത്ത അതൃപ്തിയറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാമെന്ന് ഇഎസ്‌ഐ കോർപ്പറേഷൻ ചെയർമാൻകൂടിയായ തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകി. പരിധി 42,000 രൂപയെങ്കിലുമാക്കണമെന്ന് ബിഎംഎസ് ഉൾപ്പെടെയുള്ള തൊഴിലാളിസംഘടനകൾ ആവശ്യപ്പെട്ടെങ്കിലും തൊഴിലുടമകളുടെ എതിർപ്പുകൂടി കണക്കിലെടുത്താണ് 30,000 രൂപയാക്കാൻ ധാരണയായത്.











