02:59am 06 September 2026
NEWS
സൗഹൃദ മത്സരത്തില്‍ കൊച്ചി സിറ്റി പൊലീസ് ടീമിനെ തകര്‍ത്ത് എറണാകുളം പ്രസ്‌ക്ലബ് ടീം
05/09/2026  07:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗഹൃദ മത്സരത്തില്‍ കൊച്ചി സിറ്റി പൊലീസ് ടീമിനെ തകര്‍ത്ത് എറണാകുളം പ്രസ്‌ക്ലബ് ടീം

കൊച്ചി: കേരള പൊലീസ് സ്‌പോര്‍ട്‌സ് മീറ്റ് 2026ന്റെ ഭാഗമായി സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ബോധവത്കരണ മാരത്തോണിന് മുന്നോടിയായി നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം പ്രസ്‌ക്ലബ്ബ് ടീമിന് തകര്‍പ്പന്‍ ജയം. കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് സൗഹൃദ മത്സരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊലീസ് സേന സംഘടിപ്പിച്ച ഓള്‍ കേരള തൂഫാന്‍ കപ്പ് വിജയിച്ച കൊച്ചി സിറ്റി പൊലീസ് ടീമിനെയാണ് പ്രസ്‌ക്ലബ് ടീം ഏഴ് വിക്കറ്റിന് തകര്‍ത്തത്. ഡിസിപിമാരായ അരുണ്‍ കെ പവിത്രനും മോഹിത് റാവത്തും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് കൊച്ചി സിറ്റി പൊലീസ് ടീം. ആദ്യം ബാറ്റ് ചെയ്ത പൊലീസ് ടീം നിശ്ചിത എട്ട് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രസ്‌ക്ലബ്ബ് ടീം 6.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 17 പന്തില്‍ 40 റണ്‍സ് എടുത്ത അഭിലാഷും 11 പന്തില്‍ 29 റണ്‍സ് എടുത്ത ഷെഫീഖുമാണ് വിജയശില്‍പ്പികള്‍. പ്രസ്‌ക്ലബ്ബിനായി 2 ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അജ്മല്‍ മൂന്നിയൂര്‍ ബൗളിങില്‍ തിളങ്ങി. ഇന്ന് വൈകിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ലഹരി ബോധവത്കരണ മാരത്തോണിന്റെ സമാപന ചടങ്ങില്‍ പ്രസ്‌ക്ലബ് ക്രിക്കറ്റ് ടീമിന് ട്രോഫി സമ്മാനിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img