
കൊച്ചി: മലയാളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ പി. രാജന് (രാജേട്ടൻ) നവതി നിറവ്. പിറന്നാൾ ദിനത്തിൽ എറണാകുളം പ്രസ് ക്ലബ് ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽകുമാർ, നിർവാഹകസമിതിയംഗം ജിബി സദാശിവൻ എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ച് ആദരവ് അറിയിച്ചത്.പ്രത്യേകിച്ച് ആഘോഷങ്ങളൊന്നും വേണ്ടെന്ന അദ്ദേഹത്തിന്റെ നിർദേശത്തെത്തുടർന്ന് ചടങ്ങുകൾ ലളിതമായിരുന്നു. എങ്കിലും അടുത്ത സുഹൃത്തുക്കളും പ്രമുഖരും അദ്ദേഹത്തിന് ആശംസകൾ നേരാനെത്തി. മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി.ഐ.സി.സി ജയചന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തെ സന്ദർശിച്ചവരിൽ ഉൾപ്പെടുന്നു.അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങളും വൈജയന്തിമാല ഉൾപ്പെടെയുള്ള പ്രമുഖരെ അഭിമുഖം ചെയ്ത ഓർമകളും മുതിർന്ന രാഷ്ട്രീയ നേതാക്കളുമൊത്തുള്ള നിമിഷങ്ങളും അദ്ദേഹം വീട്ടിലെത്തിയവരുമായി പങ്കുവെച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരുടെ ഗുരുനാഥനായ അദ്ദേഹത്തിന് വിവിധ മേഖലകളിൽ നിന്നുള്ളവർ ആശംസകൾ നേർന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകൻ പി രാജനായിരുന്നു.
Photo Courtesy - Google








