11:17pm 02 June 2026
NEWS
ഈറ്റ ഉൽപ്പന്ന നിർമാണത്തിൽ യന്ത്രവത്കരണവുമായി എറണാകുളം കെവികെ
02/06/2026  07:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഈറ്റ ഉൽപ്പന്ന നിർമാണത്തിൽ യന്ത്രവത്കരണവുമായി എറണാകുളം കെവികെ
HIGHLIGHTS

കെവികെയുടെ നേതൃത്വത്തിൽ ബാംബൂ സ്ലൈവറിങ് യന്ത്രം ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നു.

രമ്പരാഗത ഈറ്റ ഉൽപ്പന്ന നിർമാണ മേഖലയ്ക്ക് കരുത്ത് പകരാൻ യന്ത്രവൽകരണ രീതികളുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ). തൊഴിലാളികൾക്ക് ഏറ്റവും പ്രയാസമേറിയ ഈറ്റ ചീളുകളാക്കൽ ഘട്ടം എളുപ്പമാക്കുന്നതിന് ബാംബൂ സ്ലൈവറിങ് യന്ത്രം പരിചയപ്പെടുത്തി. യന്ത്രത്തിന്റെ ആദ്യഘട്ട പ്രായോഗിക പരിശീലനം കോതമംഗലം കോട്ടപ്പടിയിൽ സംഘടിപ്പിച്ചു.

വിപണിയിൽ ഈറ്റ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ചീളുകളുണ്ടാക്കിയെടുക്കാനുള്ള കാലതാമസം ഉൽപാദന വർധനവിന് തടസ്സമായി നിലനിൽക്കുകയാണ്. ഇതിന് പരിഹാരമായാണ് സിഎംഎഫ്ആർഐയുടെ കീഴിലുള്ള കെവികെ ബാംബൂ സ്ലൈവറിങ് യന്ത്രം ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നത്.

നാല് തൊഴിലാളികൾ ഒരു ദിവസം മുഴുവൻ ചെലവഴിച്ച് നിർമ്മിക്കുന്ന ചീളുകൾ, ബാംബൂ സ്ലൈവറിങ് യന്ത്രത്തിന്റെ സഹായത്തോടെ ഒരാൾക്ക് വെറും രണ്ടര മണിക്കൂറിനുള്ളിൽ നിർമ്മിക്കാനാകുമെന്ന് കെവികെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യൻ പറഞ്ഞു. ഇതിലൂടെ ഉൽപ്പാദനക്ഷമത ഗണ്യമായി വർധിപ്പിക്കാനും തൊഴിലാളികളുടെ ശാരീരിക അധ്വാനം കുറയ്ക്കാനും വരുമാനം മെച്ചപ്പെടുത്താനും സാധിക്കും.

പ്ലാമുടിയിലെ ത്രിവേണി വനിതാ പട്ടികജാതി സംഘത്തിലെ അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ഈറ്റ ഉൽപന്ന നിർമാണമാണ് ഇവരുടെ പ്രധാന ഉപജീവനമാർഗം. ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനും വിപണിയിലെ ആവശ്യകത കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനും യന്ത്രവത്കരണം സഹായകമാകും.

ഈറ്റയെ ഒരേ കനത്തിലുള്ള ചെറുചീളുകളാക്കി മാറ്റാൻ സഹായിക്കുന്ന ബാംബൂ സ്ലൈവറിങ് യന്ത്രത്തിന്റെ പ്രവർത്തനം, സുരക്ഷാ മുൻകരുതലുകൾ, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന രീതികൾ എന്നിവ പരിശീലനത്തിൽ വിശദീകരിച്ചു.

കെവികെ ടെക്നിക്കൽ ഓഫീസർമാരായ പുഷ്പരാജ് ആഞ്ചലോ, റോബിൻ ബിലാം, ടെക്നീഷ്യൻ സിനീഷ് അംബി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായി അങ്കമാലി കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img