കൊച്ചി: സേവനം ജീവിതസാഫല്യം എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് നഗരത്തിലെ സാമൂഹ്യ,സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നൂറ് വർഷം പൂർത്തിയാക്കിയ എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷ സമാരംഭം ഡിസംബർ 19 വെള്ളിയാഴ്ച നടക്കുമെന്ന് കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ (വേണു) വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30 ന് പ്രസിഡൻറ് ആലപ്പാട്ട് മുരളീധരൻ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.വൈകിട്ട് അഞ്ചിന് ടിഡിഎം ഹാളിൽ നടക്കുന്ന ശതാബ്ദി ആഘോഷ സമ്മേളനം മോഹൻലാൽ ഉദ്ഘാടനം ചെയ്യും. ആലപ്പാട്ട് മുരളീധരൻ അധ്യക്ഷത വഹിക്കും. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ്. കെ എസ് രാധാകൃഷ്ണൻ ആമുഖ പ്രസംഗം നടത്തും. സ്വാമി ചിദാനന്ദപുരി, പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി പി രാജീവ്, എറണാകുളം ജില്ലാ കലക്റ്റർ ജി പ്രിയങ്ക, ഡോ.പി മുഹമ്മദലി ഗൾഫാർ, പുനലൂർ സോമരാജൻ, എന്നിവർ ആശംസ പ്രസംഗം നടത്തും. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ സ്വാഗതവും ട്രഷറർ കെ ടി മോഹനൻ നന്ദിയും പറയും. ഉദ്ഘാടന സമ്മേളനത്തിൽ അംഗങ്ങൾക്ക് മാത്രമാകും പ്രവേശനം.20 ന് രാവിലെ പത്തരയ്ക്ക് ഒരു നൂറ്റാണ്ടിന്റെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് പാട്ടും പൊരുളും സാംസ്കാരിക പരിപാടി നടക്കും. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണം എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് അൻപത് വർഷം മുൻപ് ടിഡിഎം ഹാളിൽ വച്ച് വിവാഹിതരായ ദമ്പതികളെ സുവർണസ്മൃതി ഫലകം നൽകി ആദരിക്കും. വൈകിട്ട് ആറരയ്ക്ക് ബിജു നാരായണൻ നയിക്കുന്ന സംഗീത സായാഹ്നം. തുടർന്നുള്ള ദിവസങ്ങളിലും വിവിധ സെമിനാറുകളും സാംസ്കാരിക പരിപാടികളും അരങ്ങേറും.ഡിസംബർ 25 ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ശതാബ്ദി ആഘോഷ സമാപന സമ്മേളനം സ്വാമി ആനന്ദവനം ഭാരതി മഹാമണ്ഡലേശ്വർ ഉദ്ഘാടനം ചെയ്യും. ശതീകം സമ്മാൻ വിതരണം കേന്ദ്രമന്ത്രി സുരേഷ്ഗോപി നിർവഹിക്കും.








