
കൊച്ചി: കാൻസർ സർജറിയിൽ 1700ലേറെ വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി.
ഇതിൽ 1300ഉം ലാപ്രോസ്കോപ്പിക് കീഹോൾ സർജറിയാണ്. കീഹോൾ ആരംഭിച്ചതിന് ശേഷം ഇത് വരെയായി ഇവിടെ 5000ൽപ്പരം ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ നടത്തി എറണാകുളം ജനറൽ ആശുപത്രി റെക്കോഡിട്ടതായി ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായും കീഹോൾ സർജൻ ഡോ. സജിമാത്യൂവും പ്രതികരിച്ചു.
ഇവിടെ പ്രതിമാസം ബൈപാസ് ഉൾപ്പെടെ 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് നടക്കുന്നത്. 2023 സപ്തംബർ 26ന് 28 വരെ കീഹോൾ സർജറി ഒരേദിനം നടന്നിട്ടുണ്ട്.
ഉദരം, വൻകുടൽ, ഹെർണിയ, പാൻക്രിയാസ്, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് കാൻസർ ചികിത്സയിൽ കൂടുതലായി നടന്നത്. ഇതിൽ അന്നനാളം, ഉദരം എന്നിവിടങ്ങളിൽ മാത്രം 600 കീഹോൾ സർജറി നടന്നു, ബാക്കി ഓപ്പൺ സർജറിയായിരുന്നു.
പ്രതിദിനം 2750 മുതൽ 3000 രോഗികൾവരെ ചികിത്സ തേടിയെത്തുന്ന ഇവിടെ 125 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
ആയിരത്തോളം കിടക്കകളുള്ള സർക്കാർ മേഖലയിലെ സംസ്ഥാനത്തെ മികച്ച ആശുപത്രിയാണ് എറണാകുളം ജനറൽ ആശുപത്രി. എം.പിയായിരിക്കേ, മന്ത്രി പി. രാജീവിന്റെ ശ്രമഫലമായി ഇവിടെ എം.ആർ.ഐ സ്കാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
റേഡിയേഷൻ തെറപ്പിക്ക് ലിനാക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയുള്ള സെൻട്രൽ ലാബ്, ആൻജിയോഗ്രാഫിക്കും ആൻജിയോപ്ലാസ്റ്റിക്കും വേണ്ടിയുള്ള കാർഡിയാസ് കാത്ത്ലാബ്, കളർഡോപ്ലർ, എക്കോ കാർഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെയുണ്ട്.
സേവന മനസ്ഥിതിയോടെ പ്രവർത്തിക്കുന്ന 17 സർജന്മാരുടെയും സ്റ്റാഫിന്റെയും ആത്മാർഥതയാണ് പാവപ്പെട്ടവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അവസരമുണ്ടാക്കിയതെന്ന് സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനും ദൈനംദിന പ്രവർത്തികൾക്കുമായി സർക്കാർ മികച്ച പിന്തുണയാണ് നൽകിവരുന്നത്. കൊച്ചി മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി. ജെ. വിനോദ് എംഎൽഎ എന്നിവർ നൽകി വരുന്ന സേവനവും വിലമതിക്കാൻ കഴിയാത്തതാണ്.
1845ൽ അന്നത്തെ കൊച്ചി മഹാരാജാവ് തുടങ്ങിവെച്ചതാണ് ഈ ആശുപത്രി. അടുത്തിടെ സൂപ്പർ സ്പെഷ്യാലിറ്റി പദവിയും സംസ്ഥാനത്തെ ആദ്യത്തെ എൻഎബിഎച്ച് അംഗീകാരവും നേടിയ ജനറൽ ആശുപത്രികൂടിയാണിത്. കേന്ദ്രസർക്കാറിന്റെ എൻ.ക്യൂ.എ.എസ് സർട്ടിഫിക്കറ്റും അടുത്തിടെ നേടിയിട്ടുണ്ട്.