10:02am 17 April 2026
NEWS
'സമ്പൂർണ്ണ വിജയം' സ്വപ്‌നം കണ്ട് എറണാകുളം ജില്ലാ യു.ഡി.എഫ്
16/04/2026  05:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമ്പൂർണ്ണ വിജയം സ്വപ്‌നം കണ്ട് എറണാകുളം ജില്ലാ യു.ഡി.എഫ്

പോരാട്ടച്ചൂട് വാനോളമുയർന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം അനുക്രമമായി അധികരിച്ചുവന്ന എറണാകുളം ജില്ലയിലെ യു.ഡി.എഫ് നേതൃത്വം മികവാർന്ന പോളിംഗ് ശതമാനം കൂടിയായപ്പോൾ ഏറെക്കുറെ സമ്പൂർണ്ണ വിജയം ഉറപ്പെന്ന അവകാശവാദമുയർത്തുന്നു. അതേസമയം, പോളിംഗിലെ അപ്രതീക്ഷിത ഉയർച്ച ചില വിജയ സൂചനകളെയെങ്കിലും സാരമായി സ്വാധീനിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം വഴി സമ്മതിദായകരുടെ എണ്ണത്തിൽ വന്ന വ്യത്യാസം പരിഗണിക്കാതെ മുൻ കാലത്തെ പോളിംഗ് ശതമാനവുമായി ഇപ്പോഴത്തെ ശതമാനം താരതമ്യം ചെയ്തു നിരത്തുന്ന അവകാശ വാദങ്ങളിൽ കഴമ്പുണ്ടാകാനിടയില്ലെന്നു ചൂണ്ടിക്കാണിക്കുന്ന നിരീക്ഷകരും കുറവല്ല.

പോളിംഗിലെ ഉയർച്ച കൊണ്ടു മാത്രം യു.ഡി.എഫ് തരംഗമെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് എറണാകുളം ജില്ലയിലെ മുൻകാല കണക്കുകൾ വ്യക്തമാക്കുന്നതായി ഇടതുപക്ഷം പറയുന്നു.രാഷ്ട്രീയപ്പോരാട്ടം ശക്തമായതിന്റെ സൂചനയാണ് ഉയർന്ന പോളിംഗ് എന്ന് മൂന്നു മുന്നണികളുടെയും നേതാക്കൾ സമ്മതിക്കുന്നു.നഗരവാസികൾ തിരഞ്ഞെടുപ്പിനോട് വിമുഖത കാട്ടുന്നെന്ന പൊതുവികാരം തിരുത്തിക്കുറിക്കുന്നതാണ് ഇത്തവണത്തെ വർദ്ധനവ്. തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം വരുന്നതിനു മുമ്പ് 2021 ൽ 75.85 ശതമാനമായിരുന്ന പോളിംഗ് ഇക്കുറി 79.81 ലേക്ക് കയറി. ജില്ലയിലെ 14 മണ്ഡലങ്ങളിലും ശതമാനമുയർന്നു. ത്രികോണ മൽസരം ഏറ്റവും രൂക്ഷമായിരുന്ന കുന്നത്തുനാട് 83.6 ശതമാനവുമായി മുന്നിലെത്തി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡലമായ പറവൂർ (81.41) പോളിംഗ് ശതമാനക്കണക്കിൽ കുന്നത്തുനാടിന്റെ തൊട്ടു പിന്നിലെത്തി. തൃപ്പൂണിത്തുറ (81.03), കളമശേരി (80.56), വൈപ്പിൻ (80.05) മണ്ഡലങ്ങളും അപ്രതീക്ഷിത ഉയർച്ച രേഖപ്പെടുത്തി. ജില്ലയിലെ 14 മണ്ഡലങ്ങളുടെ കണക്കിൽ ഏറ്റവുമധികം വോട്ട് വർദ്ധിച്ചത് നഗരഹൃദയമായ എറണാകുളത്താണ്. 2021ലേക്കാൾ 10 ശതമാനത്തിലേറെ പോളിംഗ് വർദ്ധിച്ചു. ജില്ലാ ആസ്ഥാനവും ഐ.ടി കേന്ദ്രവുമുൾപ്പെടുന്ന തൃക്കാക്കരയും ഉയർന്ന പോളിംഗ് നേടി. പി.ടി. തോമസിന്റെ മരണംമൂലം 2022 മേയ് 31ലെ ഉപതിരഞ്ഞെടുപ്പിൽ 68.75 ശതമാനമായിരുന്ന പോളിംഗ് 78.28 ലെത്തി. ഒമ്പത് ശതമാനം വർദ്ധനവ്.

പൊതുവിൽ യുഡിഎഫ് കോട്ടയായി അറിയപ്പെടുന്ന ജില്ലയാണ് എറണാകുളം.ജില്ലയിൽ ഇത്തവണയും മേൽക്കൈ നിലനിർത്താൻ യുഡിഎഫിനു കഴിയുമെന്ന കാര്യത്തിൽ ഇടതു നേതാക്കൾക്കുമില്ല സംശയം. എന്നാൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം അട്ടിമറികൾ ലക്ഷ്യമിട്ട ഇടതു മുന്നണിക്ക് വോട്ടെടുപ്പിനു ശേഷം അക്കാര്യത്തിൽ ഉറച്ച അഭിപ്രായമില്ല.അതേസമയം, ട്വന്റി 20യുമായി ചേർന്ന് നേട്ടമുണ്ടാക്കാൻ കോപ്പു കൂട്ടിയ ബിജെപി ആത്മവിശ്വാസം കൈവിട്ടിട്ടില്ല.ബിജെപിക്ക് പൊതുവിൽ സ്വാധീനം കുറഞ്ഞ ജില്ലയാണ് എറണാകുളം. എന്നാൽ സംസ്ഥാനത്ത് ബിജെപിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞ രണ്ട് മുനിസിപ്പാലിറ്റികളിലൊന്ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ്. ഇക്കുറി ജില്ലയിൽ കാര്യമായ സ്വാധീനമുളള ട്വന്റി 20 യെ എൻഡിഎ മുന്നണിയിൽ ചേർക്കാൻ കഴിഞ്ഞത് നേട്ടമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ എൽഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞ ജില്ലയാണ് എറണാകുളം. ജില്ലയിലെ 14 ൽ 9 സീറ്റുകളിൽ ജയിക്കാൻ അന്ന് യുഡിഎഫിന് കഴിഞ്ഞു. 5 സീറ്റിലായിരുന്നു ഇടത് വിജയം.

സംസ്ഥാനത്ത് യുഡിഎഫിന് ഭരണം കിട്ടിയ ഘട്ടങ്ങളിലൊക്കെയും പത്തിലേറെ സീറ്റുകളിൽ എറണാകുളത്ത് മുന്നണി ജയിച്ചിട്ടുണ്ടെന്ന കളിലൊന്നാണിത്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയിൽ പതിനാലിൽ പതിനാല് സീറ്റും ജയിക്കുമെന്ന് യുഡിഎഫ് ഇപ്പോഴും വിലയിരുത്തുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിലെ മണ്ഡലങ്ങളിൽ എല്ലായിടത്തും നേടാൻ കഴിഞ്ഞ വമ്പിച്ച ഭൂരിപക്ഷവും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആവർത്തിച്ച മുന്നേറ്റവുമായിരുന്നു ജില്ലയിലെ ഐക്യമുന്നണി പ്രതീക്ഷയുടെ അടിസ്ഥാനം. പത്തിൽ താഴെ പഞ്ചായത്തുകളിൽ മാത്രമാണ് ജില്ലയിൽ ഇടതുമുന്നണിക്ക് ഭരണം നേടാൻ കഴിഞ്ഞത്. രണ്ടെണ്ണമൊഴികെ എല്ലാ മുനിസിപ്പാലിറ്റികളും യുഡിഎഫ് നേടി. ജില്ലാ പഞ്ചായത്തിലും കിട്ടിയത് തിളങ്ങുന്ന വിജയം.

പൊതുവിൽ യുഡിഎഫ് അനുകൂല ജില്ലയെങ്കിലും എറണാകുളത്ത് ജയിക്കാൻ കഴിയാത്ത യുഡിഎഫ് കോട്ടകളൊന്നും ഇല്ലെന്നതായിരുന്നു ഇടതു പ്രതീക്ഷകളുടെ അടിസ്ഥാനം. ജില്ലയിലെ 14 മണ്ഡലങ്ങളും പല കാലങ്ങളിൽ ജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം. അധിക സീറ്റുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ഉളള സീറ്റുകൾ ജില്ലയിൽ നിലനിർത്താൻ ഇടതു മുന്നണിക്ക് കഴിഞ്ഞാൽ തന്നെ ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ നേട്ടമാകും. അവകാശ വാദങ്ങൾക്കപ്പുറമായി തെരഞ്ഞെടുപ്പുഫലം വരണം യാഥാർത്ഥ്യമറിയാൻ.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലമായ പറവൂരിൽ കയ്പമംഗലത്തു നിന്ന് ഇ.ടി ടൈസണെ ഇറക്കി ഇടതുമുന്നണി മൽസരം കടുപ്പിച്ചു. മുൻ തെരഞ്ഞെടുപ്പിലെ 79.02-ൽ നിന്ന് പോളിംഗ് ശതമാനം 81.95 ആയി ഉയർന്നു.വിജയിച്ചാൽ സതീശൻ മുഖ്യമന്ത്രിയെന്ന പ്രചാരണം നിശബ്ദ തരംഗമായി പറവൂരിൽ പടർന്നിരുന്നു. ജയിക്കാനായില്ലെങ്കിലും സതീശന്റെ ഭൂരിപക്ഷമെങ്കിലും കുറയ്ക്കാമെന്ന ആത്മവിശ്വാസം ഇപ്പോഴും പങ്കുവയ്ക്കുന്നുണ്ട് ഇടതു മുന്നണി. എന്നാൽ എല്ലാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂട്ടുന്ന പതിവ് ഇക്കുറി സതീശൻ ആവർത്തിക്കില്ലെന്ന് കരുതാൻ പാകത്തിൽ ഒന്നും പുറമേയ്ക്ക് കാണാനായിട്ടില്ല പറവൂരിൽ. കോൺഗ്രസിനോട് പിണങ്ങിയിറങ്ങിയ മുൻ നഗരസഭാധ്യക്ഷ വൽസലാ പ്രസന്ന കുമാറിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് വോട്ടുകളിൽ ഒരു പങ്ക് ലക്ഷ്യമിട്ടാണ് വൽസലയെ ബിജെപി നേതൃത്വം സ്ഥാനാർഥിയാക്കിയതെങ്കിലും കലാശക്കൊട്ടിലടക്കം കാര്യമായ ചലനം ബിജെപിയുണ്ടാക്കിയില്ല.

കൊച്ചി കോർപ്പറേഷനിലെ രണ്ട് മുൻ ഡെപ്യൂട്ടി മേയർമാർ തമ്മിലുളള മൽസരമാണ് ഇക്കുറി എറണാകുളം നിയമസഭാ മണ്ഡലത്തിൽ നടന്നത്. യുഡിഎഫിനായി സിറ്റിംഗ് എംഎൽഎ ടി.ജെ വിനോദും ഇടതുമുന്നണിക്കായി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് സാബു ജോർജും മൽസരിച്ചു. പരമ്പരാഗതമായി യുഡിഎഫിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് എറണാകുളം. ലത്തീൻ സമുദായത്തിന് കാര്യമായ സ്വാധീനമുളള മണ്ഡലം.പക്ഷേ, വി വിശ്വനാഥമേനോനും, പ്രൊഫ.എം കെ സാനുവും, ഡോ. സെബാസ്റ്റ്യൻ പോളുമെല്ലാം പല കാലങ്ങളിൽ ഇടതുമുന്നണിക്കായി അട്ടിമറി നടത്തി ഇവിടെ. പ്രാദേശികമായി വ്യക്തിബന്ധങ്ങൾ ഏറെയുളള സാബു ജോർജിനെ സ്ഥാനാർഥിയാക്കാൻ വേണ്ടി കൂടിയാണ് സീറ്റ് ജനതാദളിന് സിപിഎം വിട്ടുകൊടുത്തതും. അതേസമയം, സ്ഥാനാർഥി എന്ന നിലയിലുളള സാബു ജോർജിന്റെ മികവു കൊണ്ടു മാത്രം ഇക്കുറി എറണാകുളത്ത് അത്ഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷ അവസാന ഘട്ടത്തിൽ ഇടതു കേന്ദ്രങ്ങൾ കൈവിട്ട ലക്ഷണം പ്രകടം. സംസ്ഥാന വക്താക്കളിൽ ഒരാളും ടെലിവിഷൻ ചർച്ചകളിലൂടെ സുപരിചിതനുമായ പി.ആർ.ശിവശങ്കരനാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. എറണാകുളത്ത് ഇക്കുറി പോളിംഗ് ശതമാനം 78.05. 67.21 ആയിരുന്നു 2021 ൽ.

ഉറച്ച കോട്ടയെന്ന് യുഡിഎഫ് വിലയിരുത്തുന്ന മണ്ഡലമാണ് തൃക്കാക്കര. ഇവിടെ ഇത്തവണ പോളിംഗ് ശതമാനം 78.5 ആയി. 70.05 ആയിരുന്നു കഴിഞ്ഞ തവണ. പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിന് മണ്ഡലം നൽകിയത് ചരിത്ര ഭൂരിപക്ഷം. ദീപ്തി മേരി വർഗീസടക്കം പല കോൺഗ്രസ് നേതാക്കളും ഇക്കുറി തൃക്കാക്കര സീറ്റ് ആഗ്രഹിച്ചിരുന്നെങ്കിലും ഉമയ്ക്ക് തന്നെ ഒരവസരം കൂടി നൽകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഉമയ്ക്ക് വീണ്ടും സീറ്റ് നൽകാനുളള തീരുമാനത്തിൽ ചില കോൺഗ്രസ് നേതാക്കൾക്കെങ്കിലും അതൃപ്തിയുണ്ടെങ്കിലും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് അത് വളർന്നില്ലെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുഷ്പദാസാണ് ഇടതുമുന്നണി സ്ഥാനാർഥി. സിപിഎം അണികൾക്കിടയിൽ പരിചിതയെങ്കിലും മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പുതുമുഖമാണ് പുഷ്പയെന്നത് അവസാന ലാപ്പിലും ഒരു പരിമിതിയായി .സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ചലച്ചിത്ര പ്രവർത്തകനുമായ അഖിൽ മാരാരെ സ്ഥാനാർഥിയാക്കി നവമാധ്യമങ്ങളിൽ ഓളമുണ്ടാക്കി തൃക്കാക്കരയിൽ ട്വന്റി 20.

പരമ്പരാഗത കോൺഗ്രസ് കോട്ടയായ ആലുവയിൽ നാലാം മൽസരത്തിനിറങ്ങിയ കോൺഗ്രസിലെ അൻവർ സാദത്ത് ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. 80.47 ആണ് പോളിംഗ് ശതമാനം. 2021-ൽ 76.72 ആയിരുന്നു. ഇക്കുറി ആലപ്പുഴയിൽ നിന്ന് എ എം ആരിഫിനെയിറക്കി മണ്ഡലമൊന്ന് ഇളക്കി മറിച്ചു ഇടതുമുന്നണി. ആരിഫിന്റെ സ്ഥാനാർഥിത്വത്തോടെ പ്രവർത്തകർക്കും അനുഭാവികൾക്കും ആവേശം പകരാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഇടതുമുന്നണി അവകാശപ്പെട്ടു. അപ്പോഴും അട്ടിമറി സാധ്യത പരിമിതമാണ് ആലുവയിൽ.ബിജെപി ജില്ലാ നേതാവ് എംഎ ബ്രഹ്മരാജ് എൻഡിഎ ക്കായി മൽസരിച്ചു.

ഇനി മൽസരിക്കാനില്ലെന്ന കെ.ബാബുവിന്റെ പ്രഖ്യാപനത്തോടെയാണ് തൃപ്പൂണിത്തുറ സീറ്റ് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയിലേക്ക് എത്തിയത്. ബാബു മാറിയതോടെ കടുത്ത മൽസരം നടന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നായി തൃപ്പൂണിത്തുറ മാറുകയും ചെയ്തു. ഈഴവ വോട്ടുകൾ വിധി നിർണയിക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ഈഴവ സമുദായത്തിൽ നിന്നുളള സ്ഥാനാർഥികളെയാണ് യുഡിഎഫും എൽഡിഎഫും രംഗത്തിറക്കിയിരിക്കുന്നതും. വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണൻ ഇടതുമുന്നണിക്കായും കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ദീപക് ജോയ് യുഡിഎഫിനായും എത്തി. 2021 ൽ ഇരുവരും വൈപ്പിനിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ടെന്നതും ഒരു തിരഞ്ഞെടുപ്പ് കൗതുകം. സിറ്റിംഗ് സീറ്റായ വൈപ്പിൻ വിട്ട് ഉണ്ണികൃഷ്ണൻ എന്തിന് തൃപ്പൂണിത്തുറയിലേക്ക് വന്നു എന്നതാണ് തിരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫ് ഉയർത്തിയ പ്രധാന ചോദ്യം. കെ.ബാബുവിന് രാഷ്ട്രീയത്തിന് അതീതമായി ഉണ്ടായിരുന്ന പിന്തുണ സമാഹരിക്കാൻ ദീപക്കിന് കഴിയില്ലെന്ന വിലയിരുത്തലിൽ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട് ഇടതുമുന്നണി. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിരുന്ന തൃപ്പൂണിത്തുറയിൽ പ്രാദേശിക പാർട്ടി അണികളെ ഞെട്ടിച്ചു കൊണ്ടാണ് സീറ്റ് ട്വന്റി 20ക്ക് നൽകിയത്. സ്ഥാനാർഥിയായി എത്തിയതാകട്ടെ ചലച്ചിത്രതാരം അഞ്ജലി നായരും. പുറമേക്ക് പ്രകടമല്ലെങ്കിലും ട്വന്റി 20 ക്ക് സീറ്റ് നൽകിയതിൽ ബിജെപിയിലുളള അതൃപ്തി ചെറുതായിരുന്നില്ല. അതുകൊണ്ടു തന്നെ എൻഡിഎ സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടുകളും കിട്ടാതെ പോകുന്ന വോട്ടുകളും കൂടി ചേർന്നാകും തൃപ്പൂണിത്തുറയിൽ ജയപരാജയങ്ങൾ നിർണയിക്കുക. 74.39 ആയിരുന്നു ഇവിടെ 2021 ലെ പോളിംഗ് ശതമാനം. ഇക്കുറി 81.35 ശതമാനമായി.

സമീപകാലത്തെ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ യുഡിഎഫ് തരംഗത്തിൽ പോലും ഇടതുമുന്നണി തുടർച്ചയായി ജയിക്കുന്ന എറണാകുളം ജില്ലയിലെ മണ്ഡലമായ വൈപ്പിനിൽ സിറ്റിംഗ് എംഎൽഎയായിരുന്ന ഉണ്ണികൃഷ്ണൻ വീണ്ടും മൽസരിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തെ അവസാനനിമിഷം സിപിഎം തൃപ്പൂണിത്തുറയിലേക്ക് മാറ്റി. പകരമെത്തിയത് ജില്ലാ പഞ്ചായത്ത് മുൻ അംഗവും പാർട്ടിയുടെ യുവമുഖവുമായ എം.ബി.ഷൈനി. യുഡിഎഫിനായി കൊച്ചി കോർപറേഷനിലെ മുൻ മേയർ ടോണി ചമ്മണി. രാജ്യശ്രദ്ധയാകർഷിച്ച മുനമ്പം ഭൂസമരം നടന്ന മേഖല ഉൾപ്പെടുന്നത് വൈപ്പിൻ മണ്ഡലത്തിൽ. കടുത്ത മൽസരം നടന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് വൈപ്പിൻ. സാമുദായിക വോട്ടുകൾ തന്നെയാവും വൈപ്പിനിലും വിധി നിർണയിക്കുക. ലത്തീൻ വോട്ടുകളും ഈഴവ ,ധീവര വോട്ടുകളും ജയപരാജയങ്ങൾ നിർണയിക്കും. ലത്തീൻ വോട്ടുകളുടെ ഏകീകരണം കൂടി ലക്ഷ്യമിട്ടാണ് ടോണി ചമ്മണിയെ യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. കൊച്ചി സീറ്റ് മുഹമ്മദ് ഷിയാസിന് നൽകിയപ്പോൾ ലത്തീൻ സഭയെ അനുനയിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ടോണിയെ വൈപ്പിൻ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ഇടതിനൊപ്പം എന്നും നിന്നിട്ടുളള ഈഴവ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്ന് സിപിഎം വിലയിരുത്തുന്നു. കോൺഗ്രസിലെയും സിപിഎമ്മിലെയും പ്രാദേശിക ഉൾപ്പാർട്ടി സംഘർഷങ്ങളും അന്തിമ ഫലത്തെ സ്വാധീനിക്കും. ട്വന്റി 20 ക്ക് നൽകിയ സീറ്റിൽ അനിത തോമസാണ് എൻഡിഎയ്ക്കായി മൽസരിച്ചത്. 2021ൽ 76.18 ആയിരുന്ന പോളിംഗ് ശതമാനം ഇത്തവണ 80.05.

ഇടത് മന്ത്രിസഭയിലെ പ്രധാന മുഖങ്ങളിലൊന്നായ വ്യവസായ മന്ത്രി പി.രാജീവ് അനായാസം ജയിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇടതുമുന്നണി കളമശേരിയിൽ ഇക്കുറി പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ തവണ മൽസരിച്ച വി.ഇ.അബ്ദുൾഗഫൂറാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാർഥിയായത്. പോളിംഗ് ശതമാനം 2021-ൽ 77.42 ആയിരുന്നു. 81.22 ആയി ഉയർന്നു ഇത്തവണ.ലീഗ് സ്ഥാനാർഥിയെങ്കിലും ഗഫൂറിനായി കൈമെയ് മറന്നിറങ്ങിയ കോൺഗ്രസ് പ്രവർത്തകരെയാണ് ഇക്കുറി കളമശേരിയിൽ കണ്ടത്. അനായാസം ഇടതുമുന്നണി ജയിക്കുമെന്ന് കരുതിയിടത്തു നിന്ന് കടുത്ത മൽസരം നടക്കുന്ന മണ്ഡലമെന്ന പ്രതീതിയിലേക്ക് കളമശേരിയെ മാറ്റാൻ അവസാന ഘട്ടത്തിൽ യുഡിഎഫിന് കഴിഞ്ഞു. 2021-ലേതിനെക്കാൾ ശക്തമായ മൽസരമെന്തായാലും കളമശേരിയിൽ ഇക്കുറിയുണ്ടായെന്ന് ഉറപ്പ്. ബിഡിജെഎസ് നേതാവ് ബിനുവാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി വോട്ടുകൾ എങ്ങിനെ പോൾ ചെയ്യപ്പെട്ടെന്നത് കളമശേരിയിലെ ജയപരാജയങ്ങളെ സ്വാധീനിക്കും.
 
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായാൽ രാജീവിനെ അട്ടിമറിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിന്. എന്നാൽ സ്ഥാനാർഥി എന്ന നിലയിൽ പി.രാജീവിന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാൻ അബ്ദുൾ ഗഫൂറിന് കഴിഞ്ഞിട്ടില്ലെന്ന് ഇടത് ക്യാമ്പ് വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെയത്ര ഭൂരിപക്ഷം ഉണ്ടായില്ലെങ്കിലും രാജീവിന്റെ ജയമുറപ്പെന്ന കണക്കാണ് ഒടുവിൽ ഇടത് ക്യാമ്പ് പങ്കുവയ്ക്കുന്നത്.
എറണാകുളം ജില്ലയിൽ ത്രികോണ മൽസരം നടന്ന ഏക മണ്ഡലമാണ് കുന്നത്തുനാട്.ട്വന്റി 20 എന്ന രാഷ്ട്രീയ പരീക്ഷണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച മണ്ഡലം. ട്വന്റി 20 അവരുടെ കരുത്ത് പ്രകടിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു 2021ലേത്. അന്ന് അവർ നാൽപ്പതിനായിരത്തിലേറെ വോട്ടുകൾ പിടിച്ചപ്പോൾ ചോർന്നു പോയത് യുഡിഎഫിന്റെ വോട്ടുകളായിരുന്നു. അങ്ങിനെ സിപിഎം സ്ഥാനാർഥി പി.വി.ശ്രീനിജിൻ 2,715 വോട്ടുകൾക്ക് കുന്നത്തുനാടിന്റെ എംഎൽഎയായി. മൂന്നു മുന്നണികളെയും എതിർത്ത് ഒറ്റയ്ക്ക് നിന്നിരുന്ന ട്വന്റി 20 ബിജെപി മുന്നണിയുടെ ഭാഗമായ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി. 

ഒറ്റയ്ക്ക് നിന്നിരുന്ന ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം നിൽക്കുമ്പോൾ പഴയ പിന്തുണ ജനങ്ങളിൽ നിന്ന് കിട്ടുമോ എന്നതാണ് കുന്നത്തുനാട്ടിലെ ജയപരാജയങ്ങൾ നിർണയിക്കുക. ബിജെപി ബാന്ധവത്തിൽ അതൃപ്തിയുളള ട്വന്റി 20 വോട്ടുകൾ ഇക്കുറി തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ട് യുഡിഎഫിന്. ഏറ്റവുമൊടുവിൽ ട്വന്റി ട്വന്റി പ്രതിനിധിയായ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റിന്റെ  പാർട്ടിയിൽ നിന്നുളള രാജിയടക്കം ശുഭസൂചനയായി യുഡിഎഫ് കാണുന്നു. എന്നാൽ എംഎൽഎ എന്ന നിലയിൽ ശ്രീനിജിന് മണ്ഡലത്തിലുണ്ടാക്കാൻ കഴിഞ്ഞ സ്വീകാര്യതയിലാണ് ഇടതുമുന്നണി പ്രതീക്ഷ. ട്വന്റി 20 ആകട്ടെ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾക്കൊപ്പം ബിജെപി വോട്ടുകൾ കൂടി കിട്ടിയാൽ ജയിക്കാമെന്ന് സ്വപ്നം കാണുന്നു. മുൻ എംഎൽഎ വിപി സജീന്ദ്രനും, സിറ്റിംഗ് എംഎൽഎ പിവി ശ്രീനിജിനും യുഡിഎഫിനും എൽഡിഎഫിനുമായി വീണ്ടും മൽസരിച്ചു. അടൂർ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി വിട്ട കോൺഗ്രസ് നേതാവ് ബാബു ദിവാകരനെയാണ് ട്വന്റി 20 മൽസരിപ്പിച്ചത്.

കുന്നത്തുനാട്ടിൽ എൻഡിഎയെ തോൽപ്പിക്കാൻ എൽഡിഎഫ് വോട്ട് യുഡിഎഫിന് വിറ്റെന്ന ആരോപണവുമായി വോട്ടെടുപ്പിനു ശേഷം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് രംഗത്തുവന്നു. വോട്ട് മറിച്ചില്ലെങ്കിൽ ഇരുപത്തി അയ്യായിരത്തോളം വോട്ടുകൾക്ക് ട്വന്റി ട്വന്റി വിജയിക്കും. വോട്ട് വിൽപന നടന്നിട്ടുണ്ടെങ്കിലും വിജയിക്കുമെന്നും സാബു പറഞ്ഞു.  എറണാകുളം ജില്ലയിൽ നാല് സീറ്റുകൾ ട്വന്റി 20 നേടും. പെരുമ്പാവൂർ, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ സീറ്റുകളിൽ വിജയം ഉറപ്പെന്നും സാബു എം ജേക്കബ് പറഞ്ഞു.പിറവം, വൈപ്പിൻ എന്നിവിടങ്ങളിലും ട്വന്റി 20ക്ക് സാധ്യതയുണ്ട്.എൻഡിഎ മുന്നണിയോടുള്ള ആകർഷണമാണ് എറണാകുളത്ത് പോളിംഗ് ശതമാനം വർദ്ധിക്കാൻ കാരണം. ബിജെപി വർഗീയ പാർട്ടി ആണെന്ന കളർ ട്വന്റി 20 വന്നതോടുകൂടി മാറിയെന്ന് സാബു പറഞ്ഞു. ട്വന്റി20 ഒരിക്കലും നിയമസഭ കാണരുതെന്ന് ആഗ്രഹിക്കുന്ന രണ്ട് കൂട്ടരാണ് എൽഡിഎഫും യുഡിഎഫും. വോട്ട് കച്ചവടം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നത്രേ.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img