
എറണാകുളം: കനത്ത മഴയെപ്പോലും വെല്ലുവിളിച്ച് കായികലോകം ലഹരിക്കെതിരെ ഒരേ മനസ്സോടെ അണിനിരന്നപ്പോൾ, എറണാകുളത്തിന്റെ മണ്ണ് സാക്ഷ്യം വഹിച്ചത് ആവേശോജ്ജ്വലമായ ഒരു ചരിത്രനിമിഷത്തിനാണ്!
കായിക വകുപ്പ് നയിക്കുന്ന 'കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്പോർട്സ്' സന്ദേശ യാത്രയിൽ കായികതാരങ്ങളും യുവജനങ്ങളും അണിചേർന്നപ്പോൾ എറണാകുളം ജില്ലയിൽ ഉജ്ജ്വലമായ വരവേല്പാണ് ലഭിച്ചത്.
ദർബാർ ഹാളിൽ നടന്ന സമാപന സമ്മേളനോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.എറണാകുളം എം എൽ എ ടി ജെ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ, കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽ കുമാർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം എ തോമസ്, ഷാഹുൽ ഹമീദ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി പി റോയ്, ജില്ലാ- സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, കായിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
ജാഥാ ക്യാപ്റ്റനായ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം സഞ്ചരിച്ച യാത്രയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വാക്കത്തോണും മാരത്തോണും ഉൾപ്പെടെയുള്ള അനുബന്ധ പരിപാടികളിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ ആവേശത്തോടെ പങ്കെടുത്തു. ലഹരിമുക്തമായ ഒരു ഭാവിക്കായി മന്ത്രിയും സംഘവും ജില്ലയിലെ കളിസ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കുകയും യുവ കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. കായികത്തിലൂടെ ലഹരിയെ തോൽപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയുള്ള സന്ദേശ യാത്രയ്ക്ക് ഇടുക്കിയിൽ ലഭിച്ച പിന്തുണ, ലഹരിക്കെതിരായ പോരാട്ടത്തിൽ നാടിൻ്റെ കൂട്ടായ്മയുടെ തെളിവായി.








