
എവറസ്റ്റ് പർവതത്തിന്റെ ബേസ് ക്യാമ്പിൽ ജനാഭിമുഖ കുർബാനയെ അനുകൂലിച്ച് പോസ്റ്റർ ഉയർത്തി വൈദികർ. എറണാകുളം-അങ്കമാലി അതിരൂപതയിലെ കുറുമശ്ശേരി ലിറ്റിൽഫ്ളവർ പള്ളിയിലെ ഫാ. പോൾ പാറേക്കാട്ടിൽ, ഏലൂർ സെയ്ന്റ് ആൻസ് പള്ളിയിലെ ഫാ. എബി എടശ്ശേരി എന്നിവരാണ് എവറസ്റ്റ് പർവതത്തിന്റെ ബേസ് ക്യാമ്പിൽ ജനാഭിമുഖ കുർബാനയെ അനുകൂലിച്ച് പോസ്റ്റർ ഉയർത്തിയത്. പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രയുടെ ഭാഗമായി ഒൻപതുദിവസത്തെ ട്രക്കിങ്ങിനൊടുവിലാണ് ഇരുവരും സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ (17,598 അടി) ഉയരത്തിലുള്ള ബേസ് ക്യാമ്പിലെത്തിയത്.
ആരോഗ്യം, പ്രകൃതിസ്നേഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു മുഖ്യലക്ഷ്യമെന്നും പോസ്റ്റർ ഉയർത്തിയത് യാത്രയുടെ ഭാഗമായാണെന്നും വൈദികർ പറയുന്നു. ഒക്ടോബർ 14-നാണ് ഇവർ കൊച്ചിയിൽനിന്നു പുറപ്പെട്ടത്. എന്നാൽ, കാലാവസ്ഥ മോശമായതിനാൽ ട്രക്കിങ് റൂട്ടിലെത്താൻ മൂന്നുദിവസം വൈകി. നാൽപ്പത്തേഴുകാരായ ഇരുവരും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കു തയ്യാറെടുക്കുകയാണ്.