06:51pm 03 September 2026
NEWS
സിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ
20/04/2025  10:43 AM IST
nila
സിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

സിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ചെന്ന പരാതിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.  പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ പൊലീസ് ഓഫിസർ ജെ.ജോജയെ കോട്ടയ്ക്കലിലേക്ക് സ്‌ഥലം മാറ്റുകയും ചെയ്തു. അന്വേഷണവിധേയമായാണ്  ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നടപടി. 

ഏപ്രിൽ രണ്ടിന് നടന്ന പുഴക്കര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ പൊലീസുകാർക്കെതിരെ നടപടി എടുത്തത്.  സംഘർഷത്തിൽ പെരുമ്പടപ്പ് പൊലീസ് ‌സ്റ്റേഷനിലെ ചില പൊലീസുകാർ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകൻ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ചു എന്നുമാണ് പരാതി. 

മർദിച്ചശേഷം പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയും പെരുമ്പടപ്പ് പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ കൊണ്ടുപോയി മാരകമായി മർദിക്കുകയും ചെയ്തെന്നും ആരോപണമുണ്ട്. സ്റ്റേഷനിൽ അന്വേഷിച്ചു പോയ ഇവരുടെ രക്ഷിതാക്കളെ മർദിച്ചതായും സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img