
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടെ നിർണായക വഴിത്തിരിവ്. സർക്കാർ രൂപീകരണത്തിന് ഇല്ലെന്ന് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായി എടപ്പാടി കെ പളനിസാമി വ്യക്തമാക്കി. എം.എൽ.എമാരുമായി നടത്തിയ നിർണായക ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയാകാനോ സർക്കാർ രൂപീകരിക്കാനോ ശ്രമിക്കില്ലെന്ന് ഇ.പി.എസ് എക്സിലൂടെ വ്യക്തമാക്കി. പുതിയ സർക്കാർ രൂപീകരിക്കുന്നവർക്ക് ആശംസകളും അദ്ദേഹം നേർന്നു. ഇതോടെ നടൻ വിജയ് സർക്കാർ രൂപീകരിക്കാൻ വഴിതെളിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ഭരണം പിടിക്കാനുള്ള സാധ്യതകൾ അനുകൂലമല്ലെന്ന വിലയിരുത്തലാണ് പിന്മാറ്റത്തിന് കാരണമായതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിനുമുമ്പ് ടിടിവി ദിനകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇ.പി.എസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരണ നീക്കത്തിൽ നിന്നും പിന്നോട്ടുപോകുകയായിരുന്നു.
അതേസമയം വി സി കെ പിന്തുണ പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് വിജയ് വൈകാതെ തന്നെ ലോക്ഭവനിലെത്തും. ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഇതിനകം 3 വട്ടം ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എം എൽ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് ഇന്നലെ എത്തിയത്. എന്നാൽ 116 പേരുടെ പിന്തുണ കത്ത് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളു. ഇതിനിടയിൽ മുസ്ലിം ലീഗും വി സി കെയും പിന്തുണക്കാര്യത്തിൽ അനിശ്ചിതത്വം വർധിപ്പിക്കുന്ന നിലപാടിലേക്ക് നീങ്ങുകയും ചെയ്തത് വിജയ്ക്ക് തിരിച്ചടിയായി. 108 എം എൽ എ മാരുള്ള ടി വി കെക്ക് കോൺഗ്രസ് 5, സി പി എം 2, സി പി ഐ 2, പാർട്ടികൾ പിന്തുണ കത്ത് നൽകിയിട്ടുണ്ട്. മുസ്ലിം ലീഗ് 2, വി സി കെ 1, എന്നീ എം എൽ എമാരുടെ പിന്തുണയും വിജയ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിൽ വി സി കെയെങ്കിലും പിന്തുണ കത്ത് നൽകിയാൽ സർക്കാർ രൂപീകരിക്കാനാകും.










