
ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീമിലെ മിനിമം പെൻഷൻ നിലവിലെ 1,000 രൂപയിൽ നിന്ന് 7,500 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, വിഷയം പിന്നീട് പരിഗണിക്കാമെന്ന സൂചനയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. അതേസമയം, 1995-ലെ ഇപിഎസ് പദ്ധതിക്ക് പകരമായി ഇപിഎസ് -2026 സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. പുതിയ പദ്ധതി പെൻഷൻ വിതരണം കൂടുതൽ വേഗത്തിലാക്കുന്നതിനും നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിനുമാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. എന്നാൽ പെൻഷൻ കണക്കാക്കുന്ന നിലവിലെ രീതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
മിനിമം പെൻഷൻ വർധനയിൽ സർക്കാർ പറഞ്ഞത്
ഇപിഎസ്-95 നാഷണൽ അജിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനിമം പ്രതിമാസ പെൻഷൻ 7,500 രൂപയാക്കുകയും അതോടൊപ്പം ക്ഷാമബത്ത അനുവദിക്കണമെന്നുമാണ് പെൻഷൻകാരുടെ പ്രധാന ആവശ്യം. ഈ വിഷയത്തിൽ ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ വ്യക്തമാക്കിയത്, മിനിമം പെൻഷൻ വർധിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ്. പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക സ്ഥിരതയും ഭാവിയിലെ ബാധ്യതകളും വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.
നിലവിൽ ഇപിഎസ്-1995 പദ്ധതിയിൽ ഉൾപ്പെട്ട പെൻഷൻകാർക്ക് പ്രതിമാസം 1,000 രൂപ മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബജറ്റ് സഹായം നൽകുന്നുണ്ട്. ഇപിഎഫ് പദ്ധതിയിലേക്കുള്ള സർക്കാർ നൽകുന്ന 1.16 ശതമാനം വിഹിതത്തിന് പുറമെയാണിത്.
ഇപിഎസ് -2026: പ്രധാന മാറ്റങ്ങൾ
'കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി–2020' പ്രകാരമാണ് പുതിയ ഇപിഎസ്-2026 പദ്ധതി നടപ്പാക്കിയത്. 1995-ലെ എംപ്ലോയീസ് പെൻഷൻ സ്കീമിനും 1971-ലെ എംപ്ലോയീസ് ഫാമിലി പെൻഷൻ സ്കീമിനും പകരമായാണ് പുതിയ സംവിധാനം നിലവിൽ വന്നിരിക്കുന്നത്.
പദ്ധതിയിലെ പ്രധാന വ്യവസ്ഥകൾ:
- പെൻഷൻ അപേക്ഷകൾ 20 ദിവസത്തിനുള്ളിൽ തീർപ്പാക്കണം.
- ക്ലെയിം തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടായാൽ 12 ശതമാനം പലിശ നൽകണം.
- തൊഴിലുടമകൾക്ക് ഡിജിറ്റൽ റിപ്പോർട്ടിംഗും ഓൺലൈൻ നടപടിക്രമങ്ങളും നിർബന്ധമാക്കി.
- ഉയർന്ന പെൻഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- പെൻഷൻ കണക്കാക്കുന്ന രീതി മാറ്റമില്ല
ഇപിഎസ് -2026 നിലവിൽ വന്നിട്ടുണ്ടെങ്കിലും പെൻഷൻ കണക്കാക്കുന്ന ഫോർമുല പഴയതുപോലെ തന്നെ തുടരും.
പ്രതിമാസ പെൻഷൻ = (പെൻഷനബിൾ ശമ്പളം × പെൻഷനബിൾ സേവനകാലം) ÷ 70
ഇവിടെ പെൻഷനബിൾ ശമ്പളം വിരമിക്കുന്നതിന് മുമ്പുള്ള അവസാന 60 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.
പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം
പെൻഷൻ ഫണ്ടിലേക്ക് പ്രധാനമായും രണ്ട് വഴികളിലൂടെയാണ് തുക എത്തുന്നത്.
ജീവനക്കാരന്റെ ശമ്പളത്തിന്റെ 8.33 ശതമാനം തൊഴിലുടമയുടെ വിഹിതം.
പ്രതിമാസം 15,000 രൂപ വരെയുള്ള വേതനത്തിന്റെ 1.16 ശതമാനം കേന്ദ്ര സർക്കാർ ബജറ്റ് വിഹിതമായി നൽകുന്നു.
മിനിമം പെൻഷൻ 7,500 രൂപയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴും, അതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇപിഎസ് -2026 വഴി പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.










