04:11pm 27 June 2026
NEWS
പിണറായിയിൽ പൊട്ടിയത് ബോംബല്ല, പതുവത്സരം ആഘോഷിക്കാൻ നിർമ്മിച്ച പടക്കമെന്ന് ഇ പി ജയരാജൻ
17/12/2025  03:48 PM IST
nila
പിണറായിയിൽ പൊട്ടിയത് ബോംബല്ല, പതുവത്സരം ആഘോഷിക്കാൻ നിർമ്മിച്ച പടക്കമെന്ന് ഇ പി ജയരാജൻ

പിണറായിയിൽ പൊട്ടിയത് ബോംബല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയം​ഗം ഇ പി ജയരാജൻ. ക്രിസ്മസ് - പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി പടക്കം നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപോയാൽ സ്ഫോടനമുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വെണ്ടുട്ടായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്ന സംഭവത്തെ കുറിച്ചായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. 

‘‘നാട്ടിൻ പുറങ്ങളിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപോയാൽ സ്ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും. അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. അതിനെ ബോംബ് സ്ഫോടനമായും അക്രമത്തിനുള്ള തയാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്തെ തകർക്കർക്കരുത്. കണ്ണൂരിലെ ഇന്നത്തെ സമാധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

സാധാരണ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സംഘർഷമുണ്ടാകും. താരതമ്യേന സംഘർഷം കുറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ചുരുക്കം ചില സ്ഥലങ്ങളിൽ വാക്കുതർക്കമുണ്ടായി. സംഘർഷമുണ്ടാകാനുള്ള പ്രേരണ ആരും നൽകരുത്. കണ്ണൂരിനെ കളങ്കപ്പെടുത്താൻ കണ്ണൂർ വിരുദ്ധ പ്രചാരണ വേല നടത്തിയിരുന്നു. ഇപ്പോൾ അതൊക്കെ കാലഹരണപ്പെട്ട് നല്ല അന്തരീക്ഷമാണ്.എസ്എൻഡിപി യോഗത്തിന്റെ നേതാവ് മുഖ്യമന്ത്രിക്കൊപ്പം കാറിൽ വന്നത് കൊണ്ട് വോട്ടു വരുമെന്നോ പോകുമെന്നോ ഞങ്ങൾ കരുതുന്നില്ല’’ – ഇ.പി. ജയരാജൻ പറഞ്ഞു. 

‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനം കേട്ടിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പരാതി കൊടുത്ത സ്ഥിതിക്ക് ഡിജിപി പരിശോധിക്കട്ടെ. കോൺഗ്രസ് ഇമ്മാതിരി കാര്യങ്ങൾ നോക്കിയാണ് നടക്കുന്നത്. കോൺഗ്രസല്ല സിപിഎം എന്നും ജയരാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img