09:47am 02 December 2025
NEWS
ഇ.പി. ജയരാജന്റെ ഒളിയമ്പ്..
18/11/2025  10:40 AM IST
പ്രദീപ് ഉഷസ്സ്
ഇ.പി. ജയരാജന്റെ ഒളിയമ്പ്..
HIGHLIGHTS

എം.വി. ഗോവിന്ദനും, പി. ജയരാജനും, എം.വി. ജയരാജനും പുസ്തകപ്രകാശനത്തിൽ നിന്നും വിട്ടുനിന്നു

സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പ്രസിദ്ധീകൃതമാകുന്നതിന് മുമ്പുതന്നെ ഈ ആത്മകഥ വലിയ കോലാഹലങ്ങൾക്ക് വഴിമരുന്നിട്ടു. 'കട്ടൻ ചായയും, പരിപ്പുവടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിൽ ഡി.സി. ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന അറിയിപ്പാണ് ആദ്യമുണ്ടായത്. എന്നാൽ ഈ വിധത്തിൽ ഒരു പുസ്തകം താൻ എഴുതിയിട്ടില്ലെന്നും, തന്റെ പേരിൽ ഡി.സി. ബുക്‌സ് ആവിധത്തിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് അറിയില്ലെന്നും ചൂണ്ടിക്കാട്ടി ഇ.പി. ജയരാജൻ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ആരോപണപ്രത്യാരോപണങ്ങളായി,  നിയമപോരാട്ടമായി. അതിനിടയിലാണ് ഇ.പിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നുവെന്ന അറിയിപ്പുമായി 'മാതൃഭൂമി' രംഗത്തു വരികയും, 'ഇതാണെന്റെ ജീവിതം' എന്ന പേരിൽ ആത്മകഥ പുറത്തുവരികയും ചെയ്ത്. 

ഇ.പി. ജയരാജന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങളാണ് സമീപകാലത്ത് ഉയർന്നുവന്നത്. സി.പി.എം നേതൃത്വത്തിന് മൂലധനശക്തികളോടുള്ള അതിരുകവിഞ്ഞ ആഭിമുഖ്യത്തിന്റേ യും, ആധുനിക സുഖസൗകര്യങ്ങളോടുമുള്ള കടുത്ത ആസക്തിയുടേയും ഏറ്റവും വലിയ തെളിവായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടത് ഇ.പി. ജയരാജന്റെ ജീവിതശൈലികൾ തന്നെയായിരുന്നു.

'ദേശാഭിമാനി'യുടെ കെട്ടിടം വിൽപ്പന, ഓൺലൈൻ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനിൽ നിന്നും പരസ്യം സ്വീകരിക്കൽ, വിവാദവ്യവസായി വി.എം. രാധാകൃഷ്ണനുമായുള്ള ബന്ധങ്ങൾ, വാട്ടർ തീം പാർക്ക്, വൈദേകം റിസോർട്ട് തർക്കം തുടങ്ങി, ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും, ബി.ജെ.പിയിലേക്ക് പോകാനായി ചർച്ചകൾ നടത്തിയെന്ന വിധത്തിലുള്ള പ്രചരണങ്ങൾ, എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത്, പി.ജയരാജനെപ്പോലെയുള്ള നേതാക്കളുമായുള്ള അസ്വാരസ്യം തുടങ്ങി ഒട്ടേറെ കലുഷിതമായ വിഷയങ്ങൾ ഇ.പി. ജയരാജന്റെ രാഷ്ട്രീയ ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളോടുള്ള സമീപനം കൂടി ആത്മകഥയിൽ ഇ.പി. വ്യക്തമാക്കുമെന്നതും ഉറപ്പായി. 'ഇതാണെന്റെ ജീവിതത്തിന്' എറെ രാഷ്ട്രീയ മാനം പകർന്നുനൽകുന്നതും ഈവിധം അടിയൊഴുക്കുകൾ തന്നെയാണ്.

നേതൃത്വത്തിനെതിരെയും ഒളിയമ്പുകൾ ?

എന്നാൽ തനിക്കെതിരെ ഉയർന്ന  ഈവിധം ആരോപങ്ങളെയെല്ലാം തമസ്‌ക്കരിക്കാനുള്ള ശ്രമമാണ് ആത്മകഥയിലൂടെ ഇ.പി. നടത്തിയിരിക്കുന്നത്. തന്റെ ഭാഗം ന്യായീകരിക്കാനായി പലപ്പോഴും അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെയും ഒട്ടേറെ ഒളിയമ്പുകൾ നിരത്തിയിട്ടുമുണ്ട്.
എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചത് ഏറെ വേദനയുണ്ടാക്കിയെന്ന് തുറന്നെഴുതിയ ഇ.പി പാർട്ടിനേതൃത്വത്തിന്റെ ഈവിധം ഇടപെടലുകൾ മൂലം പൊതുസമൂഹത്തിൽ തനിക്കെതിരെ തെറ്റായ ഇമേജുകൾ രൂപം കൊള്ളാൻ വഴിയൊരുക്കിയിരുന്നുവെന്നും തുറന്നുപറഞ്ഞിട്ടുണ്ട്.

ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് വളരെയധികം ചർച്ചകൾ പൊതുമണ്ഡലത്തൽ ഉയർന്ന വിഷയമാണ് 'വൈദേകം' റിസോർട്ടുമായി ബന്ധപ്പെട്ടത്. ഇതിൽ തന്റെ ഭാഗം ന്യായീകരിക്കാനായി ആത്മകഥയിൽ ഒരു ഭാഗം തന്നെ അദ്ദേഹം മാറ്റിവെച്ചിട്ടുമുണ്ട്.
വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ കൃത്യസമയത്ത് ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നുവെങ്കിൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നാണ് ഇ.പി. വ്യക്തമാക്കിയിരിക്കുന്നത്. വൈദേകം വിഷയത്തിൽ പാർട്ടിനേതൃത്വത്തിൽ നിന്നും തനിക്ക് നീതികിട്ടിയിട്ടില്ലെന്നു പരോക്ഷമായി ഇ.പി സൂചിപ്പിക്കുന്നുമുണ്ട്.

'സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി. ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന വാർത്ത ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ആ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ നടന്നതെന്തെന്ന് അറിഞ്ഞിരുന്നില്ല. വാർത്ത ദിവസങ്ങളോളം മാധ്യമങ്ങൾ ചർച്ചയാക്കി മാറ്റി. അത് വലിയ വിഷമമാണുണ്ടാക്കിയത്. അപ്പോഴും എന്താണ് സംഭവിച്ചതെന്ന വിവരം പുറത്തുവന്നതുമില്ല.

സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വ്യക്തമാകുന്നത്. ഒരു സ്വകാര്യകമ്പനിയെ സഹകരണസ്ഥാപനത്തെപ്പോലെ സഹായിക്കാൻ പാടുണ്ടോ എന്ന് മാത്രമാണ് താൻ ഉന്നയിച്ചതെന്ന് പി. ജയരാജൻ വ്യക്തമാക്കി. എന്നാൽ വിവാദം ഉയർന്ന സമയത്ത് ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നുവെങ്കിൽ എനിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു. ആദ്യയോഗത്തിൽ പി. ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു ചിലർ.

വൈദേകത്തിലെ സാമ്പത്തികക്രമക്കേടുകൾ മനസ്സിലാക്കി ചോദ്യം ചെയ്തതിനാലാണ് ചില വിവാദ വ്യവസായികൾ തനിക്കെതിരെ തിരിഞ്ഞതെന്നും ചിലരത് വിവാദമാക്കി മാറ്റുകയായിരുന്നുവെന്നുമുള്ള ഗുരുതര ആരോപണവും ഇ.പി. ജയരാജൻ ഉയർത്തിയിട്ടുണ്ട്.
'എനിക്കെതിരായ കള്ളപ്പണ ആരോപണം വസ്തുതാവിരുദ്ധമെന്ന് ബോധ്യമാവുകയും, വിവാദം കെട്ടടങ്ങുകയും ചെയ്‌തെങ്കിലും, അന്നും വാർത്തകൾ വ്യക്തിയിലും, കുടുംബത്തിലും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വിവാദവ്യവസായികൾക്ക് അറിയില്ലല്ലോ?' ഈവിധത്തിലാണ് തനിക്കെതിരെയുയർന്ന 'വൈദേകം റിസോർട്ട്' ആരോപണങ്ങളെക്കുറിച്ചുളള ഇ.പിയുടെ പ്രതികരണം. അതേസമയം വേട്ടയാടിയവരെക്കുറിച്ചും, ആ സമയത്ത് പാർട്ടി നേതൃത്വത്തിൽ നിന്ന് തനിക്ക് നീതി കിട്ടിയില്ല എന്ന വികാരവും വരികൾക്കിടയിൽ വിദഗ്ദ്ധമായി ഇ.പി. ജയരാജൻ ഒതുക്കിവെച്ചിട്ടുണ്ട്.

വധശ്രമങ്ങൾ; പ്രത്യക്ഷമായും പരോക്ഷമായും

പതിനഞ്ചാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഛണ്ഡിഗഢിൽനിന്നും മടങ്ങുന്ന വഴി ട്രെയിനിൽ വച്ച് തനിക്ക് വെടിയേറ്റ സംഭവം വിശദമായും, വൈകാരികമായും 'ഞാൻ ജീവിച്ചിരിക്കുന്നു' എന്ന ഭാഗത്ത് ഇ.പി. ജയരാജൻ അടയാളപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ പോലീസിന്റെ എഫ്.ഐ.ആർ പ്രകാരം എം.വി. രാഘവനും, കെ. സുധാകരനുമാണ് കൊലയാളികളെ അയച്ചതെന്ന വിവരങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. പിണറായിയേയും, തന്നെയുമാണ് കൊലയാളികൾ ലക്ഷ്യമിട്ടതെന്നും, പിണറായി യാത്ര മാറ്റിയതിനാലാണ് തന്നെ പ്രത്യേകം ലക്ഷ്യമിട്ടതെന്നും ഇ.പി. വിശദീകരിക്കുന്നുമുണ്ട്.

ഇത് രാഷ്ട്രീയമായി തനിക്കെതിരെ നടന്ന പ്രത്യക്ഷ വധശ്രമമായിരുന്നുവെങ്കിൽ പരോക്ഷമായും തനിക്ക് വധശ്രമങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആത്മകഥയിൽ അദ്ദേഹം പറയുന്നു. താനറിയാതെ തന്റെ ആത്മകഥ തയ്യാറാക്കുകയും അതുവഴി പാർട്ടിയെ അവമതിക്കാൻ ചിലർ നീക്കം നടത്തിയെന്നും അത് തനിക്ക് നേരിടേണ്ടിവന്ന ക്രൂരമായ വധശ്രമമായിരുന്നുവെന്നും ഇ.പി. പറയുന്നുണ്ട്. അതുപോലെതന്നെ ബി.ജെ.പിയിലേക്ക് പോകാൻ ശ്രമിച്ചെന്ന പേരിൽ മറ്റൊരു പുകമറ സൃഷ്ടിച്ച് ആവിധത്തിലും പരോക്ഷമായി വധിക്കാൻ ചിലർ നീക്കം നടത്തിയതായും ഇ.പി. വിശദീകരിക്കുന്നുണ്ട്.

ആദ്യ ആത്മകഥ; വ്യാജപുസ്തകം

ഒരാളുടെ ആത്മകഥ അയാളറിയാതെ പ്രസിദ്ധപ്പെടുത്തുകയെന്ന മുമ്പൊരിക്കലും കേട്ടുകേൾവിപോലുമില്ലാത്ത സംഭവമാണ് എനിക്കെതിരെയുണ്ടായത്. അതും നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പുപോരാട്ടത്തിന്റെ മൂർദ്ധന്യത്തിൽ. 2024 നവംബർ 12 ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണ് എന്റെ ആത്മകഥയെന്ന പേരിൽ വ്യാജപുസ്തകം ചാനലുകളിൽ ബ്രേയ്ക്ക് ചെയ്തത്.
രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും, തനിക്കെതിരായ വിവാദങ്ങളുടെ സത്യാവസ്ഥയെ സംബന്ധിച്ചും ഒരു പുസ്തകം തയ്യാറാക്കുന്നതിന്റെ ഭാഗമായി കുറേ കുറിപ്പുകൾ എഴുതിയിരുന്നു. അതിലെ ഭാഷാപരവും ശൈലീപരവുമായ പിഴവുകൾ തിരുത്താൻ ഒരാളുടെ സഹായം നേടുകയുണ്ടായി. പുസ്തകം എഴുതി പൂർത്തിയാക്കുകയോ, അന്തിമരൂപത്തിലാക്കുകയോ, പുസ്തകത്തിന് പേരിടുകയോ ചെയ്തിരുന്നില്ല. ഏതെങ്കിലും പ്രസാധകരുമായി പുസ്തകം പ്രസിദ്ധപ്പെടുത്തുന്നതിന് കരാറുണ്ടാക്കുകയോ, അതിനുള്ള ചർച്ച നടത്തുകയോ ചെയ്തിരുന്നില്ല.

'പഴയകാലത്തേയും, പുതിയ കാലത്തേയും ജീവിതാവസ്ഥകളെക്കുറിച്ച്, താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു യോഗത്തിൽ സാന്ദർഭികമായി ഞാൻ പറഞ്ഞ വാചകമാണ് 'കട്ടൻ ചായയും, പരിപ്പുവടയും' എന്നത്. സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് ആ വാചകം എനിക്കെതിരെ പ്രചരണത്തിനായി ഉപയോഗിക്കുകയായിരുന്നു കുറേക്കാലമായി ചിലർ. എന്നെ ആക്ഷേപിക്കാൻ ഉപയോഗിച്ചുവന്ന ആ വാചകം ആത്മകഥയുടെ തലക്കെട്ടായി പ്രചരിപ്പിച്ചു. ഞാൻ പറയുകയോ, എഴുതുകയോ ചെയ്യാത്ത കുറെ കാര്യങ്ങൾ എന്റേതെന്ന മട്ടിൽ എഴുതിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് ആദ്യം അത് ബ്രേക്കിംഗ് എന്ന മട്ടിൽ പ്രചരിപ്പിച്ചത്. അത് പിന്നീട് ചാനലുകൾ ഏറ്റുപിടിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ അത് പ്രചരിപ്പിച്ചു. ഞാൻ നൽകിയ പരാതിയെത്തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റം ചെയ്തവരെ കണ്ടെത്തുകയും, നടപടിയുണ്ടാവുകയും ചെയ്തു. വാസ്തവത്തിൽ രാഷ്ട്രീയമായ വധശ്രമമാണ് എനിക്കെതിരെ നടന്നത്. സത്യം എന്റെ ഭാഗത്തായതിനാൽ ആ വധശ്രമത്തേയും അതിജീവിക്കാൻ കഴിഞ്ഞു.

ബി.ജെ.പി ബന്ധം; മറ്റൊരു ഗൂഢാലോചന

തനിക്കെതിരെ നടന്ന മറ്റൊരു രാഷ്ട്രീയ വധശ്രമം എന്നുപറഞ്ഞുകൊണ്ടാണ്, ബി.ജെ.പിയുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ചിലർ നടത്തിയ നീക്കങ്ങളെക്കുറിച്ച് ഇ.പി. ജയരാജൻ വിശദീകരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവേദ്കർ ഇ.പിയുടെ വീട്ടിൽ എത്തി ചർച്ച നടത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അതിനെക്കുറിച്ച് ഇ.പി. ജയരാജൻ വിശദീകരിക്കുന്നത് ഈവിധത്തിലാണ്:

'2023 ഫെബ്രുവരി രണ്ടിനാണ് ദല്ലാൾ നന്ദകുമാറിനൊപ്പം പ്രകാശ് ജാവേദ്ക്കർ തിരുവനന്തപുരത്തെ മകന്റെ പ്ലാറ്റിലേക്ക് വരുന്നത്. തികച്ചും അവിചാരിതവും അപ്രതീക്ഷിതവുമായിരുന്നു ആ വരവ്. എന്റെ മകന്റെ ഫോണിലേക്കാണ് നന്ദകുമാർ വിളിച്ചത്. 'അച്ഛൻ അവിടെയുണ്ടോ' എന്ന് ചോദിച്ചു. അൽപ്പം കഴിയും മുമ്പ് അവർ ഫ്‌ളാറ്റിലെത്തി. ഞങ്ങൾ ഈ വഴി പോവുകയാണെന്നും, ഒന്നു പരിചയപ്പെട്ടുപോകുമെന്നും കരുതി എന്നും പറഞ്ഞു.

ബി.ജെ.പിയുടെ കേരള പ്രഭാരിച്ചുമതല ഏറ്റെടുത്തതിനുശേഷം എല്ലാ രാഷ്ട്രീയപ്പാർട്ടി നേതാക്കളേയും കാണുന്നതിന്റെ ഭാഗമായ അനൗപചാരിക കൂടിക്കാഴ്ച എന്നാണവർ പറഞ്ഞത്. സമാനമായി ബിനോയ് വിശ്വം, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരേയും കണ്ടതായി പറഞ്ഞു. ഏതാണ്ട് അഞ്ച് മിനിറ്റിൽ കൂടുതൽ ആ കൂടിക്കാഴ്ച നീണ്ടില്ല. രാഷ്ട്രീയമെന്നല്ല, ഒരു പൊതുകാര്യവും ചർച്ച ചെയ്തില്ല. വീട്ടിലേക്ക് വന്ന ഒരാളോട് ഇറങ്ങിപ്പോകാൻ പറഞ്ഞില്ല; മറിച്ച് അങ്ങനെ ആര് വന്നാലും സ്വീകരിക്കുക എന്ന അതിഥ്യമര്യാദ കാട്ടി. പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യാൻ മാത്രം ഒരു പ്രാധാന്യം അതിനുള്ളതായി തോന്നിയിട്ടുമില്ല.

പക്ഷേ, ഒന്നരവർഷം കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇതെടുത്തിട്ടത് ഗൂഢാലോചനയല്ലാതെ മറ്റെന്താണ്? ബി.ജെ.പിയിലേക്ക് പോകാൻ രഹസ്യചർച്ച നടത്തിയെന്ന പ്രചരണകോലാഹലങ്ങളായി. ഇതിന് പിന്നിൽ ഒരു വിഭാഗം ബി.ജെ.പി നേതാക്കളും യു.ഡി.എഫും ആണ്. അതിന് ഉപോദ്ബലകമായത് ബി.ജെ.പി കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തി എന്ന് ഞാൻ പറഞ്ഞതാണ്. തോൽക്കാനാണെങ്കിൽപ്പോലും അവർ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തിയെന്ന ഒരു വസ്തുത പറഞ്ഞതാണ്. അത് ബി.ജെ.പിയുമായുള്ള അന്തർധാരയെന്ന് മാധ്യമങ്ങളും യു.ഡി.എഫും തുടർച്ചയായി പ്രചരണം നടത്തി.

നുണപ്രചരണങ്ങളെ സമർത്ഥിക്കാനായി എന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്ത് ഉപയോഗിച്ചു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയും, അന്ന് കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനൊപ്പം ഒരു വനിതാ കേന്ദ്രമന്ത്രി ഇരിക്കുന്ന ഫോട്ടോയിലാണ് വനിതാ മന്ത്രിയുടെ തലമാറ്റി എന്റെ ഭാര്യ ഇന്ദിരയുടെ തലവെച്ചത്.

പ്രകാശ് ജാവേദ്ക്കർ എന്റെ മകന്റെ വീട്ടിലേക്ക് വന്നത് എന്നെ ബി.ജെ.പിയിൽ ചേർക്കാനുള്ള ചർച്ചയുടെ ഭാഗമായാണ് എന്ന് വരുത്തിത്തീർക്കാൻ പിന്നെയും കഥകൾ ഉണ്ടാക്കി. ശോഭാസുരേന്ദ്രൻ എന്ന വനിതാനേതാവായിരുന്നു അതിലൊരാൾ. തൃശൂർ ഗസ്റ്റ് ഹൗസിലും, ഡൽഹിയിലും, എറണാകുളത്തും അവരോടൊപ്പം ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി എന്നാണ് അവർ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ അവരെ കണ്ടിട്ടുള്ളത്. അത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിനിടയിലായിരുന്നു.
അതിനിടെ എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്ന് രണ്ട് തവണ അവനെ വിളിച്ചു. അത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി അവൻ ഫോൺ എടുത്തില്ല. എന്നിട്ടും തികഞ്ഞ ആധികാരികതയെന്നോണം പച്ചക്കള്ളം പറയുകയായിരുന്നു. ഇങ്ങനെ ഞാൻ ബി.ജെ.പിയിലേക്ക് പോകാൻ ശ്രമിച്ചു എന്ന തരത്തിൽ തെരഞ്ഞെടുപ്പിന്റെ മൂർധന്യഘട്ടത്തിൽ മാധ്യമങ്ങൾ തുടർച്ചയായി പ്രചരിപ്പിച്ചു. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വിശേഷണങ്ങളാണ് എനിക്ക് ചാർത്തിത്തരുന്നത്. ഈ വിവാദം എന്റെ പാർട്ടിയേയും, പ്രതിരോധത്തിലാക്കാനുള്ളതായിരുന്നു. അതുകൊണ്ടാണ് പ്രകാശ് ജാവദേക്കർ എന്നെ വന്ന് കണ്ടത് ശരിയാണെന്നും, അത് എങ്ങനെയാണെന്നും ഞാൻ തുറന്നുപറഞ്ഞത്. എന്നാൽ അതും മാധ്യമങ്ങൾ വളച്ചൊടിച്ചു. എന്നെ നിരന്തരം വേട്ടയാടി.

സി.പി.എം നേതാക്കളുടെ അസാന്നിദ്ധ്യം

പുസ്തപ്രകാശനവേളയിൽ, മുതിർന്ന സി.പി.എം നേതാക്കളായ എം.വി. ഗോവിന്ദൻ, പി. ജയരാജൻ, എം.വി. ജയരാജൻ എന്നീ നേതാക്കളുടെ അസാന്നിദ്ധ്യവും ഏറെ വിവാദമായിട്ടുണ്ട്. ഈ നേതാക്കൾ എല്ലാം കണ്ണൂരിൽ തന്നെ ഉണ്ടായിട്ടും എന്തുകൊണ്ട് പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്തില്ല എന്ന ചോദ്യം ശക്തമായി നിലനിൽക്കുന്നുണ്ട്. ഇവരെ ചടങ്ങിലേക്ക് ഇ.പി. ജയരാജൻ ക്ഷണിച്ചില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സി.പി.എം രാഷ്ട്രീയത്തിലെ കരുത്തരായ ജയരാജത്രയങ്ങൾക്കിടയിലും പാർട്ടി സംസ്ഥാന സെക്രട്ടറിക്കിടയിലും ഇ.പി. ജയരാജന് രൂക്ഷമായ അനൈക്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നവിധത്തിലുള്ള ചർച്ചകൾ സജീവമാകാനും ഈ അസാന്നിധ്യം വഴിയൊരുക്കി എന്നത് പറയാതെ വയ്യ.

തന്റെ മകൻ ജയ്‌സണെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കി മാറ്റാൻ ചില ബി.ജെ.പി നേതാക്കൾ ശ്രമിച്ചുവെന്നും, അതിനെ ശക്തമായി തങ്ങൾ ചെറുത്തുവെന്നും ആത്മകഥയിൽ ഇ.പി നടത്തിയ പരാമർശങ്ങൾ വരുംദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നതുറപ്പാണ്. അതേസമയം ആത്മകഥയിലൂടെ ഇ.പി. ജയരാജൻ നടത്തുന്നത് അസത്യപ്രചരണമാണെന്നാണ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രനും പറയുന്നത്. ബി.ജെ.പി പ്രവേശനത്തിനായി ഇ.പി. ജയരാജൻ ശ്രമിച്ചിരുന്നുവെന്ന വാദങ്ങൾ തന്നെയാണ് വീണ്ടുമവർ ഉയർത്തിക്കൊണ്ടിരിക്കുന്നത്.

അതോടൊപ്പം ഡി.സി  ബുക്‌സിനെ വിമർശിച്ച ഇ.പി. ജയരാജനെതിരെ രൂക്ഷപ്രതികരണങ്ങൾ ഉയർത്തി രവി ഡീസിയും രംഗത്ത് വന്നിട്ടുണ്ട്. 'നിശബ്ദതയെ ഭീരുത്വമായി കരുതരുതെന്നും, ഞാനൊരു ആത്മകഥ എഴുതിയാൽ വ്യക്തമാകുന്ന സത്യങ്ങളേ ഉള്ളൂ' വെന്നുമാണ് അദ്ദേഹം ഇ.പിക്ക് മറുപടിയായി തുറന്നടിച്ചിരിക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ, തന്റെ ഭാഗത്തെ ന്യായീകരിച്ചുകൊണ്ട് ഇ.പി. നടത്തിയ വെളിപ്പെടുത്തലുകൾ സി.പി.എം രാഷ്ട്രീയത്തിനുള്ളിൽ മാത്രമല്ല പൊതുമണ്ഡലത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതാണെന്റെ ജീവിതത്തിൽ ഏറെ ശ്രദ്ധേയമാക്കുന്ന വസ്തുതയും ഇതുതന്നെയാണ്.

ഇ.പിയുടെ ആത്മകഥ കാലത്തിന്റെ കഥയായി മാറും

'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളർന്നുമുന്നേറിയ ഒരാളെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ ആവിഷ്‌ക്കാരമാണ് 'ഇതാണെന്റെ ജീവിതം' എന്ന ഇ.പി. ജയരാജന്റെ പുസ്തകം. ഓരോ ചരിത്ര സംഭവങ്ങളേയും എങ്ങനെ നേരിട്ടു എന്നതിനുള്ള സാക്ഷ്യപത്രമായി ഈ പുസ്തകം മാറും. കാലത്തിന്റെ കഥ കൂടിയായി ഈ ആത്മകഥ മാറും...' മുഖ്യമന്ത്രി പിണറായി  ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' കഥാകൃത്ത് ടി. പത്മനാഭന് നൽകി പ്രകാശനം ചെയ്തുകൊണ്ടുപറഞ്ഞു.

'ഇ.പി. ജയരാജന് കുട്ടികളുടെ നിഷ്‌ക്കളങ്ക മനസ്സാണ് ഉള്ളത്. ഇ.പിയുടെ ബാല്യവും കൗമാരവും പ്രതിസന്ധി നിറഞ്ഞതായിരുന്നു. പലപ്പോഴും തെറ്റായ കാര്യങ്ങൾ പറഞ്ഞ് വലതുപക്ഷ ശക്തികൾ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തു. കട്ടൻ ചായയും പരിപ്പുവടയുമെന്നത് ഇ.പി കാലോചിതമാറ്റത്തെക്കുറിച്ച് പറഞ്ഞതാണ്. ഇത് പാർട്ടിക്കും അദ്ദേഹത്തിനുമെതിരെ വലതുപക്ഷ ശക്തികളും മാധ്യമങ്ങളും വളച്ചൊടിച്ചു. ഇതൊക്കെ അതിജീവിച്ചുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായി നിലകൊള്ളുന്നത്'. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇ.പി.ജയരാജന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരുടെ ബാഹുല്യമാണെന്നും, യാഥാർത്ഥ്യം തിരിച്ചറിയാതെ പലപ്പോഴുമത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും പുസ്തകം ഏറ്റുവാങ്ങിയ ടി. പത്മനാഭൻ പറഞ്ഞു. 

കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന ചടങ്ങിൽ, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, എം.വി. ശ്രേയാംസ്‌കുമാർ, വി. ശിവദാസൻ എം.പി, എം. വിജയകുമാർ, ആർ. രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img