
ചെന്നൈ: ഐഎസ്ആർഒയുടെ പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു. ഇന്നു രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്നായിരുന്നു ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നത്. എന്നാൽ, ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപണത്തിൻ്റെ മൂന്നാംഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്. വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു കണക്കുക്കൂട്ടൽ. എന്നാൽ, മൂന്നാം ഘട്ടത്തിലെ പ്രശ്നങ്ങൾ കാരണം ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാനായില്ല.
1,710 കിലോഗ്രാം ഭാരമുള്ളതാണ് ഇഒഎസ്-09. ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാവും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശക്തമായ ഉപഗ്രഹമായി മാറും ഇഒഎസ്- 09.
റഡാര്‍ ഉപയോഗിച്ച് ഭൗമനിരീക്ഷണം നടത്തുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്)ശ്രേണിയില്‍പ്പെട്ട ഇഒഎസ്-09-ന് അഞ്ചു വര്‍ഷമാണ് ആയുസ്സ്. നേരത്തെ റിസാറ്റ് 1ബി എന്നായിരുന്നു ഇതിനു പേരിട്ടിരുന്നത്. ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. പിഎസ്എല്‍വിയുടെ 63-ാമത്തെ വിക്ഷേപണദൗത്യം കൂടിയാണിത്.











