08:27am 15 September 2026
NEWS
അമേരിക്കയിൽ നിന്ന് ഇ മാലിന്യങ്ങൾ തള്ളുന്നത് ഏഷ്യയിലേക്ക്; പരിസ്ഥിതിക്ക് വൻ ഭീഷണി!
03/11/2025  12:44 PM IST
nila
അമേരിക്കയിൽ നിന്ന് ഇ മാലിന്യങ്ങൾ തള്ളുന്നത് ഏഷ്യയിലേക്ക്; പരിസ്ഥിതിക്ക് വൻ ഭീഷണി!
HIGHLIGHTS

“റീസൈക്ലിംഗ്” എന്ന പേരിൽ നടക്കുന്ന ഈ കയറ്റുമതി യഥാർത്ഥത്തിൽ “മാലിന്യ നിക്ഷേപം” മാത്രമാണ് – അത് ആഗോളതലത്തിൽ പരിസ്ഥിതിയും മനുഷ്യജീവിതവും ഒരുപോലെ ഭീഷണിയിലാക്കുന്നു.”

യുഎസിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങൾ അപകടകരമായ രീതിയിൽ തെക്കുകിഴക്കൻ ഏഷ്യയിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുവെന്ന് റിപ്പോർട്ട്. പരിസ്ഥിതി സംഘടനയായ ബേസൽ ആക്ഷൻ നെറ്റ്‌വർക്ക് (BAN) പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. പരിസ്ഥിതിയെയും മനുഷ്യാരോഗ്യത്തെയും ബാധിക്കുന്ന വലിയ ദുരന്തത്തിന് ഇതിലൂടെ വഴി തുറക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

പത്തിലേറെ യുഎസ് കമ്പനികൾ 

ബേസൽ ആക്ഷൻ നെറ്റ്‌വർക്ക് നടത്തിയ രണ്ടുവർഷത്തെ അന്വേഷണത്തിൽ, കുറഞ്ഞത് പത്ത് പ്രമുഖ അമേരിക്കൻ കമ്പനികൾ ഇ മാലിന്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതായി കണ്ടെത്തി. റീസൈക്ലിംഗ് മേഖലയിലെ ലാഭം വർധിപ്പിക്കാനായി, കമ്പനികൾ ശേഖരിച്ച ഉപകരണങ്ങൾ നേരിട്ട് പ്രോസസ്സിങ് ചെയ്യാതെ ഏഷ്യയിലെ അനൗപചാരിക ഫാക്ടറികളിലേക്ക് അയക്കുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഓരോ മാസവും ഏകദേശം 2,000 കണ്ടെയ്‌നറുകൾ (ഏകദേശം 33,000 മെട്രിക് ടൺ) മാലിന്യം യുഎസ് തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2023 ജനുവരി മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ, 1 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള ഇ മാലിന്യം കയറ്റുമതി ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വിഷലോഹങ്ങളാൽ മലിനമാകുന്ന ജലവും മണ്ണും

മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടുന്ന ഈ മാലിന്യങ്ങളിൽ ഈയം, കാഡ്മിയം, മെർക്കുറി പോലുള്ള വിഷലോഹങ്ങളാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. ഈ രാസവസ്തുക്കൾ തെറ്റായ രീതിയിൽ സംസ്കരിക്കുമ്പോൾ മണ്ണിനും ജലസ്രോതസ്സുകൾക്കും ഗുരുതരമായ മലിനീകരണം ഉണ്ടാക്കുന്നു.

ഇ മാലിന്യങ്ങൾ സ്വീകരിക്കുന്ന ഏഷ്യൻ രാജ്യങ്ങളിലെ അനൗപചാരിക സ്ക്രാപ്പ് യാർഡുകളിലാണ് കൂടുതൽ പ്രവർത്തനങ്ങളും നടക്കുന്നത്. ഇവിടങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് സുരക്ഷാ ഉപകരണങ്ങളില്ലാതെ ഉപകരണങ്ങൾ കത്തിച്ച് ലോഹങ്ങൾ വേർതിരിക്കുന്നത് പതിവാണ്. ഇതിലൂടെ ഉയരുന്ന വിഷപ്പുക ശ്വസിക്കുന്നതോടെ തൊഴിലാളികൾക്ക് ശ്വാസകോശ രോഗങ്ങൾ മുതൽ നാഡീ സംബന്ധമായ പ്രശ്നങ്ങൾവരെ നേരിടേണ്ടി വരുന്നു.

ബേസൽ കൺവെൻഷൻ ലംഘനം

ബേസൽ കൺവെൻഷൻ പ്രകാരം, അപകടകരമായ മാലിന്യം വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ ഈ ഉടമ്പടി അംഗീകരിക്കാത്ത ഏക വ്യാവസായിക രാഷ്ട്രമാണ് അമേരിക്ക.
അതിനാൽ, പല കയറ്റുമതികളും ‘ചരക്ക് സാമഗ്രികൾ’ എന്ന പേരിൽ തെറ്റായി രേഖപ്പെടുത്തി നിയമപരമായ പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. R2V3 സർട്ടിഫിക്കേഷൻ ഉള്ള, “ഉത്തരവാദിത്വത്തോടെ റീസൈക്ലിംഗ്” നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ചില കമ്പനികളും ഈ അനധികൃത കയറ്റുമതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ സർട്ടിഫിക്കേഷൻ സംവിധാനങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.

ചൈന നിരോധിച്ചതിന് ശേഷം മലേഷ്യ പ്രധാന കേന്ദ്രമായി

2017-ൽ ചൈന ഇ മാലിന്യ ഇറക്കുമതി നിരോധിച്ചതോടെ, മലേഷ്യയിലേക്കാണ് അമേരിക്കൻ ഇ മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇതിനു പുറമേ ഇന്തോനേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, യുഎഇ എന്നിവിടങ്ങളിലേക്കും അമേരിക്ക മാലിന്യ കണ്ടെയ്‌നറുകൾ അയച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തായ്‌ലൻഡും മലേഷ്യയും ഇ മാലിന്യ ഇറക്കുമതി തടയാൻ കഴിഞ്ഞ മാസങ്ങളിൽ കർശനമായ നടപടികൾ സ്വീകരിച്ചു. തായ് അധികാരികൾ മേയിൽ ബാങ്കോക്ക് തുറമുഖത്ത് യുഎസിൽ നിന്നെത്തിയ 238 ടൺ ഇ മാലിന്യം പിടിച്ചെടുത്തു. അതേസമയം മലേഷ്യൻ അധികൃതർ ജൂണിൽ നടത്തിയ റെയ്ഡുകളിൽ 10 കോടിയിലധികം മൂല്യമുള്ള മാലിന്യം പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോള ഇടപെടൽ ആവശ്യമാണ്

വികസ്വരരാജ്യങ്ങൾ പരിസ്ഥിതി സുരക്ഷിതത്വത്തിനായി പാടുപെടുമ്പോൾ സമ്പന്ന രാജ്യങ്ങൾ മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളാക്കുന്നത് അനീതിയാണെന്ന് BAN റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്കയുടെ നിയമങ്ങൾക്കു പുറത്തുള്ള ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അന്താരാഷ്ട്രതലത്തിൽ ശക്തമായ നിയമനടപടികൾ ആവശ്യമാണെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

“റീസൈക്ലിംഗ്” എന്ന പേരിൽ നടക്കുന്ന ഈ കയറ്റുമതി യഥാർത്ഥത്തിൽ “മാലിന്യ നിക്ഷേപം” മാത്രമാണ് – അത് ആഗോളതലത്തിൽ പരിസ്ഥിതിയും മനുഷ്യജീവിതവും ഒരുപോലെ ഭീഷണിയിലാക്കുന്നു.” –ബേസൽ ആക്ഷൻ നെറ്റ്‌വർക്ക് പുറത്തുവിട്ട റിപ്പോർട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img