
രജിസ്ട്രാർ കെ ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്യുന്നു. അർജുൻ വേണുഗോപാൽ, ലിൻഡ രാകേഷ്, ദീപു സേവിയർ, അനൂപ് കെ കെ, രാജേഷ് കെ, അഫ്സൽ ഇ എം, നബീൽ അവിയിൽ, എന്നിവർ വേദിയിൽ
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ മേഖലകളിലെ വിജയകരമായ സംരംഭകരെയും വ്യവസായ വിദഗ്ധരെയും വിദ്യാർഥികളെയും ഒരേ വേദിയിൽ എത്തിച്ച് സംരംഭക സംഗമം നടന്നു. ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് വകുപ്പ് സംഘടിപ്പിച്ച മൂന്നുദിവസത്തെ ഫിനിഷിംഗ് സ്കൂളിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആശയങ്ങളുടെയും അനുഭവങ്ങളുടെയും സംരംഭക കാഴ്ചപ്പാടുകളുടെയും സജീവ കൈമാറ്റത്തിന് സംഗമം വേദിയായി.
കുഫോസ് രജിസ്ട്രാർ ഡോ. കെ. ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ആശയങ്ങൾ രൂപപ്പെടുത്തുകയും അവയെ വളർത്തിയെടുക്കുകയും തുടർച്ചയായി പുതുചിന്തകൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നതാണ് വിജയത്തിന്റെ അടിസ്ഥാനമന്ത്രമെന്നും വ്യക്തിഗത ബ്രാൻഡിംഗ് (Personal Branding)യും സ്വയം ഫലപ്രദമായി അവതരിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള കഴിവും മികച്ച തൊഴിൽജീവിതത്തിനും സംരംഭക യാത്രയ്ക്കും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംരംഭക സംഗമത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സംരംഭകരായ ദീപു സേവ്യർ (സാപ്പിഹയർ സഹസ്ഥാപകൻ), അനുപമ റോയ് (ബ്ലോക്ക്സ് ആൻഡ് പ്രിന്റ്സ് സ്ഥാപക), നബീൽ അയിവിൽ (സ്കൂൾഡ് സ്ഥാപകൻ), ടി.ആർ. ഷംസുദ്ദീൻ (സീരിയൽ സംരംഭകനും വിദ്യാഭ്യാസ പ്രവർത്തകനും), ലിൻഡ രാകേഷ് (ആർ.സി.എം വെൽനസ് സെന്റർ & സി.കെ.കെ.എം ഫാർമസിയുടെ ഡയറക്ടറും സിഇഒയും), അർജുൻ വേണുഗോപാൽ (വൺ ടീം സൊല്യൂഷൻസ് സഹസ്ഥാപകനും സിഇഒയും) എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. മാനേജ്മെന്റ് കൺസൾട്ടന്റായ ഫൈസൽ അഹമ്മദ് സെഷൻ മോഡറേറ്റ് ചെയ്തു.
സംരംഭകത്വം, സ്റ്റാർട്ടപ്പ് വികസനം, നവീകരണം, നേതൃത്വപാടവം, നെറ്റ്‌വർക്കിംഗ്, വ്യക്തിഗത ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് വിലപ്പെട്ട അറിവും പ്രചോദനവും പരിപാടിയിലൂടെ ലഭിച്ചു. സംവാദങ്ങളും മെന്ററിംഗ് സെഷനുകളും വിദ്യാർഥികൾക്ക് വ്യവസായ രംഗത്തെ പ്രമുഖരുമായി നേരിട്ട് ആശയവിനിമയം നടത്താനും ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള പ്രായോഗിക അറിവ് നേടാനും അവസരമൊരുക്കി.
ഡോ. അഫ്സൽ ഇ. എം., ഡോ. രാജേഷ് കെ., ഡോ. അനൂപ് കെ. കെ. എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
Photo Courtesy - Google









