03:42am 06 November 2026
NEWS
സംരംഭകനെ ഹണി ട്രാപ്പിൽ കുടുക്കി വൻ സാമ്പത്തിക തട്ടിപ്പ്: മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിനെതിരെ കേസ്
29/01/2025  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംരംഭകനെ ഹണി ട്രാപ്പിൽ കുടുക്കി വൻ സാമ്പത്തിക തട്ടിപ്പ്: മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിനെതിരെ കേസ്

കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന അലി എന്ന സംരംഭകനെ ഹണിട്രാപ്പിലൂടെ വൻ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കി എന്ന് പരാതി. മൂന്ന് സ്ത്രീകൾ ഉൾപ്പെടുന്ന അഞ്ചംഗ സംഘം ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇവർക്കെതിരേ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ നിലവിൽ മൂന്ന് എഫ് ഐ ആർകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

പരാതിക്കാരനെ ഏകദേശം രണ്ട് വർഷത്തോളം തുടർച്ചയായി സാമ്പത്തിക ചൂഷണവും ബ്ലാക്മെയിലും ചെയ്തുവരികയായിരുന്നു പ്രതികൾ. കേസിലെ മുഖ്യപ്രതിയായ സചിത്ര ചന്ദ്രൻ 2020 കാലഘട്ടത്തിൽ ബിസിനസ് നിക്ഷേപത്തിന്റെ പേരിൽ പരാതിക്കാരനുമായി സൗഹൃദം സ്ഥാപിക്കുകയും ക്രമേണ ആ ബന്ധം മുൻനിറുത്തി സചിത്ര തന്റെ കൂട്ടാളികളായ കണ്ണൻപുഴ വീട്ടിൽ ലൈജു ജേക്കബ്, പുളിക്കൽ വീട്ടിൽ സുഹർഷ, ആതിരപ്പള്ളിൽ സീമ എന്നിവരിലൂടെ പരാതിക്കാരന്റെ കൈയിൽ നിന്നും പല തവണകളായി പണം തട്ടുകയായിരുന്നു.

ഇതിലെ ചതി മനസിലാക്കിയ പരാതിക്കാരൻ സചിത്രയുമായി അകന്നപ്പോൾ, പരാതിക്കാരന്റെ സ്വകാര്യഫോട്ടോകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും സചിത്രയ്ക്ക് ലൈജു ജേക്കബിൽ ജനിച്ച കുട്ടികളുടെ പിതാവായി പരാതിക്കാരനെ ഔദ്യോഗിക രേഖകളിൽ വ്യാജമായി ഉൾപ്പെടുത്തുമെന്നും അല്ലാത്തപക്ഷം അഞ്ച് കോടിയോളം രൂപ തരണമെന്നു പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തി എന്നതാണ് പരാതി.

സമൂഹത്തിൽ തന്റെയും കുടുംബത്തിന്റെയും പേര് അപകീർത്തിപ്പെടും എന്നു ഭയന്ന പരാതിക്കാരൻ ഒരു സാഹചര്യത്തിൽ ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചെങ്കിലും പ്രതികളുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് ഈ തീരുമാനത്തിൽ നിന്നും പിൻമാറുകയും ഒടുവിൽ ഗത്യന്തരമില്ലാതെ പോലീസിൽ പരാതിപ്പെടുകയുമാണ് ചെയ്തത്. നിലവിലെ മൂന്ന് കേസുകൾ ഒരുമിച്ച് നിക്ഷ്പക്ഷമായി അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുള്ളതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img