11:39pm 31 May 2026
NEWS
ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിൽ പ്രവേശനോത്സവം
31/05/2026  08:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിൽ ഇന്ന് പ്രവേശനോത്സവം

കൊച്ചി: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസവും പുനരധിവാസവും സാമൂഹിക ഉൾച്ചേരലും ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിൽ 2026-27 അധ്യയന വർഷ പ്രവേശനോത്സവം  (ജൂൺ 1) സംഘടിപ്പിക്കും. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.

ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ 10.30 ന് ഏലൂർ നഗരസഭയിലെ ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് സ്ഥാപനത്തിൽ നടക്കും. സാമൂഹ്യനീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം നിർവഹിക്കും.

ജില്ലയിൽ നിലവിൽ 51 ബഡ്സ് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 30 ബഡ്സ് സ്കൂളുകളും 21 ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും ഉൾപ്പെടുന്നു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും വ്യക്തിത്വ വികസനം, ദൈനംദിന ജീവിത നൈപുണ്യങ്ങൾ, തൊഴിൽപരിശീലനം, പുനരധിവാസ സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ ഈ സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും കുട്ടികൾക്ക് പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്. പൂക്കളു മധുരപലഹാരങ്ങളും നൽകി കുട്ടികളെ വരവേൽക്കുന്നതിനൊപ്പം കലാപരിപാടികൾ, പ്രദർശനങ്ങൾ, രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെയുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കും.

ബഡ്സ് സ്ഥാപനങ്ങളുടെ സേവനങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും തദ്ദേശ സ്ഥാപന പരിധിയിലുള്ള ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന എല്ലാ കുട്ടികളെയും ബഡ്സ് സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമാണ് ഇത്തവണത്തെ പ്രവേശനോത്സവത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസവും കരുതലും പിന്തുണയും ഉറപ്പാക്കി ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും യുവജനങ്ങൾക്കും സമൂഹത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പായാണ് പുതിയ അധ്യയന വർഷ പ്രവേശനോത്സവം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img