
ശിവഗിരി: മേൽവസ്ത്രം അഴിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടി തുടങ്ങിയ ആചാരം പല ക്ഷേത്രങ്ങളിലും ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേൽവസ്ത്രം അഴിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്ന അനാചാരം തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വർക്കല ശിവഗിരി തീർഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് അനാചാരമാണെന്ന കാര്യത്തിൽ തർക്കമില്ല. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളിൽ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തിൽ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.
ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളിൽ മേൽവസ്ത്രമഴിച്ച് മാത്രമേ കടക്കാൻ പാടുള്ളൂ എന്ന രീതിക്ക് കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണസമൂഹം ആവശ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ആരേയും നിർബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.











