ആൻറിഗ്വ: ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റിൽ ഒമാനെതിരെ ഇംഗ്ലണ്ട് വിജയം നേടിയത് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു റെക്കോഡ് കുറിച്ചായിരുന്നു. ആൻറിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 19 പന്തുകൾ കൊണ്ടാണ് ഇംഗ്ലണ്ട് ഒമാനെ അടിയറവ് പറയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഒമാൻ ഉയർത്തിയ 48 റൺസ് എന്ന വിജയലക്ഷ്യം വെറും 3.1 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ജയത്തിൻറെ റെക്കോർഡ് ഇതോടെ ഇംഗ്ലണ്ടിന്റെ പേരിൽ എഴുതിച്ചേർക്കുകയായിരുന്നു.
ട്വൻറി 20 ലോകകപ്പ് 2024ൽ ഇംഗ്ലണ്ടിൻറെ ആദ്യ ജയമാണ് ഇത്. മത്സരം ഒരു മണിക്കൂറും 42 മിനുറ്റും പിന്നിട്ടപ്പോഴേക്ക് ഒമാനെ ഇംഗ്ലണ്ട് തോൽപിച്ചു. ഒമാനെതിരെ 8 വിക്കറ്റിൻറെ തകർപ്പൻ ജയം മുൻ ചാമ്പ്യന്മാർ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ സൂപ്പർ എട്ടിലെത്താനുള്ള സാധ്യതകൾ ഇംഗ്ലണ്ട് നിലനിർത്തി.
ഓപ്പണർ ഫിലിപ് സാൾട്ട് (3 പന്തിൽ 12), വൺഡൗൺ പ്ലെയർ വിൽ ജാക്‌സ് (7 പന്തിൽ 5) എന്നിവരെ ഇംഗ്ലണ്ടിന് നഷ്‌ടമായപ്പോൾ നായകൻ ജോസ് ബട്‌ലറും (8 പന്തിൽ 24), ജോണി ബെയ്‌ർസ്റ്റോയും (2 പന്തിൽ 8) കളി 3.1 ഓവറിൽ തീർത്തു.
നേരത്തെ, നെറ്റ് റൺറേറ്റ് മനസിൽ കണ്ട് ടോസ് നേടിയിട്ടും ഒമാനെ ഇംഗ്ലണ്ട് ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ട് ബൗളർമാർക്ക് മുന്നിൽ ഒമാൻ ബാറ്റർമാർക്ക് മറുപടിയുണ്ടായില്ല. ആദിൽ റഷീദ് നാലും ജോഫ്രേ ആർച്ചർ, മാർക്ക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി. 13.2 ഓവറിൽ 47 റൺസിൽ ഒമാൻ ഓൾഔട്ടാവുന്നതാണ് കണ്ടത്. പ്രതിക് അഥാവാലെ (3 പന്തിൽ 5), കശ്യപ് പ്രജാപതി (16 പന്തിൽ 9), ആഖ്വിബ് ഇല്യാസ് (10 പന്തിൽ 8), ഷൊയൈബ് ഖാൻ(23 പന്തിൽ 11), സീഷാൻ മഖ്‌സൂദ് (5 പന്തിൽ 1), ഖാലിദ് കെയ്‌ൽ (3 പന്തിൽ 1), അയാൻ ഖാൻ (5 പന്തിൽ 1), മെഹ്‌റാൻ ഖാൻ (2 പന്തിൽ 0), ഫയാസ് ബട്ട് (7 പന്തിൽ 2), കലീമുള്ള (5 പന്തിൽ 5), ബിലാൽ ഖാൻ (1 പന്തിൽ 0*) എന്നിങ്ങനെയായിരുന്നു ഒമാൻ താരങ്ങളുടെ സ്കോർ.