09:07pm 19 September 2026
NEWS
എഞ്ചിനീയേഴ്‌സ് ഡേ 2026: എഞ്ചിനീയേഴ്‌സ് ഫോറം ഖത്തറിന്റെ മൂന്ന് സുപ്രധാന സംരംഭങ്ങൾക്ക് തുടക്കം
19/09/2026  08:13 PM IST
nila
എഞ്ചിനീയേഴ്‌സ് ഡേ 2026: എഞ്ചിനീയേഴ്‌സ് ഫോറം ഖത്തറിന്റെ മൂന്ന് സുപ്രധാന സംരംഭങ്ങൾക്ക് തുടക്കം

 

ദോഹ, സെപ്റ്റംബർ 18: എഞ്ചിനീയേഴ്‌സ് ഫോറം ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഞ്ചിനീയേഴ്‌സ് ഡേ 2026 ആഘോഷം സെപ്റ്റംബർ 18-ന് ദോഹ അൽ മെസ്സില ബാൾറൂമിൽ വിവിധ പരിപാടികളോടെ നടന്നു. “Engineered Urban Life: Smart, Sustainable, Human” എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ എഞ്ചിനീയേഴ്‌സ് ഡേ ആഘോഷം.

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി ഡോ. കെ. ശ്രീകർ റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഞ്ചിനീയേഴ്‌സ് ഫോറം ഖത്തറിന്റെ മൂന്ന് സുപ്രധാന സംരംഭങ്ങൾക്കും അദ്ദേഹം ഔദ്യോഗികമായി തുടക്കം കുറിച്ചു.

EF Business Network (EFBN) എന്നത് ഫോറത്തിലെ ബിസിനസ് ഉടമകളെയും വിവിധ മേഖലകളിലെ പ്രൊഫഷണലുകളെയും പരസ്പരം ബന്ധിപ്പിക്കുകയും അവരുടെ ബിസിനസ്-പ്രൊഫഷണൽ വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യുന്ന വേദിയാണ്.

എഞ്ചിനീയേഴ്‌സ് ഫോറം ഖത്തറിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ‘EF Elevate’ എന്ന സംരംഭത്തിലൂടെ പ്രൊഫഷണൽ, സാംസ്കാരിക, സാങ്കേതിക, സാമൂഹിക മേഖലകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

അംഗങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഡിജിറ്റൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത EF Digitisation Platform-നും ചടങ്ങിൽ തുടക്കം കുറിച്ചു.

എഞ്ചിനിയേഴ്‌സ് ഫോറം ഖത്തർ ജനറൽ സെക്രട്ടറി നിധിൻ ഒതേനി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻജിനീയർ അഷിഖ് അഹമ്മദ് അധ്യക്ഷ പ്രസംഗത്തിൽ ഫോറത്തിന്റെ 25 വർഷത്തെ പ്രവർത്തനയാത്രയും എഞ്ചിനീയറിംഗ് സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഭാവി പ്രവർത്തനങ്ങളുടെ കാഴ്ചപ്പാടും വിശദീകരിച്ചു.

ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) പ്രസിഡന്റ് താഹ മുഹമ്മദ് ആശംസാ പ്രസംഗം നടത്തി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിലും ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും പ്രൊഫഷണൽ സംഘടനകൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എഞ്ചിനിയേഴ്‌സ് ഫോറം ഖത്തറിന്റെ മുതിർന്ന അംഗം സതീഷ് പിള്ള ചടങ്ങിൽ സന്നിഹിതനായിരുന്നു. വിശിഷ്ടാതിഥികളെയും പരിപാടിയുടെ സ്പോൺസർമാരെയും അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും സംഭാവനകൾക്കും ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

എഞ്ചിനീയേഴ്‌സ് ഡേയുടെ ഭാഗമായി നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സാങ്കേതിക സെഷനുകളും സംഘടിപ്പിച്ചു.

Urban Technology Systems എന്ന വിഷയത്തിൽ MEEZA ചീഫ് എന്റർപ്രൈസ് ആർക്കിടെക്ട് എൻജിനീയർ മുക്താർ മൻസൂർ, Urban Mobility എന്ന വിഷയത്തിൽ Arab Engineering Bureau എക്സിക്യൂട്ടീവ് ഡയറക്ടർ മൊയിൻ അസ്മി, Architecture and Design എന്ന വിഷയത്തിൽ ഖത്തർ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ ആർക്കിടെക്ചർ ആൻഡ് അർബൻ പ്ലാനിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മാധവി ഇന്ദ്രഗന്തി, Sustainability എന്ന വിഷയത്തിൽ GSAS Trust-ലെ ആർക്കിടെക്ചറൽ ഗ്രൂപ്പ് മേധാവി മുഹമ്മദ് നജ്ജാർ എന്നിവർ പ്രഭാഷണം നടത്തി.

സാങ്കേതികവിദ്യ, നഗര ഗതാഗതം, വാസ്തുവിദ്യ, രൂപകൽപ്പന, സുസ്ഥിരത തുടങ്ങിയ മേഖലകളിലെ പുതിയ ആശയങ്ങളും സാധ്യതകളും പ്രഭാഷകർ പങ്കുവെച്ചു. കൂടുതൽ സ്മാർട്ടും സുസ്ഥിരവും മനുഷ്യകേന്ദ്രിതവുമായ നഗരജീവിതം രൂപപ്പെടുത്തുന്നതിൽ എഞ്ചിനീയറിംഗ് മേഖലയ്ക്കുള്ള പങ്കും ചർച്ചയായി.

എഞ്ചിനിയേഴ്‌സ് ഫോറം ഖത്തർ ടെക്നിക്കൽ സെക്രട്ടറി എൻജിനീയർ പ്രശാന്ത് മാത്യു നന്ദി രേഖപ്പെടുത്തി.

എഞ്ചിനീയേഴ്‌സ് ഫോറം ഖത്തറിന്റെ 25-ാം വാർഷികത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ വർഷത്തെ എഞ്ചിനീയേഴ്‌സ് ഡേ ആഘോഷം വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ സ്ഥാനപതി ഡോ. കെ. ശ്രീകർ റെഡ്ഡിയുടെ സാന്നിധ്യവും മൂന്ന് സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും പരിപാടിക്ക് പ്രത്യേക പ്രാധാന്യം നൽകി. ഫോറത്തിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രോത്സാഹനവും വലിയ പ്രചോദനമായെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img