
എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ഫോൺ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹൈദരാബാദിലാണ് സംഭവം. മെഡ്ചലിലുള്ള സിഎംആർ എഞ്ചിനിയറിങ് കോളേജിന്റെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ക്യാമറ ഓണാക്കിയ നിലയിൽ ഫോൺ കണ്ടെത്തിയതിന് പിന്നാലെ പെൺകുട്ടികൾ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോസ്റ്റൽ വാർഡനെും പാചകക്കാരെയും ഉൾപ്പെടെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ ബുധനാഴ്ചയാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തിയതോടെ പെൺകുട്ടികൾ കോളജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. 300ലധികം ദൃശ്യങ്ങൾ ഫോണിലുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. എന്നാൽ, കോളജ് അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകാതെ വന്നതോടെ വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയും തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുക്കുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്തവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വിരലടയാള സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെൻറ് സസ്‌പെൻഡ് ചെയ്തു. കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു.











