03:21pm 10 November 2026
NEWS
എൻജിനിയറിങ് പ്രവേശനം: സുപ്രീംകോടതി ഇടപെട്ടില്ല, വിദ്യാർത്ഥികൾക്ക് ആശ്വാസം
17/07/2025  09:09 AM IST
സുരേഷ് വണ്ടന്നൂർ
എൻജിനിയറിങ് പ്രവേശനം: സുപ്രീംകോടതി ഇടപെട്ടില്ല, വിദ്യാർത്ഥികൾക്ക് ആശ്വാസം

എൻജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക് നിർണയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇടപെടാതിരുന്നതോടെ വിദ്യാർത്ഥികൾക്ക് ആശങ്കയില്ലാതെ തുടർപഠനം നടത്താം. പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം മാർക്ക് സമീകരണ ഫോർമുല മാറ്റിയ ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി ചോദ്യം ചെയ്യാതിരുന്നതോടെ അലോട്ട്മെന്റിന് തടസ്സമില്ലാതായി. എൻജിനിയറിങ് എൻട്രൻസ് റാങ്ക് പട്ടികയിലുള്ള 76,230 വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമാണ്. അതേസമയം, അവസാന നിമിഷം നിബന്ധനകൾ മാറ്റിയ സർക്കാരിന് ഇത് തിരിച്ചടിയായി.
സംസ്ഥാന സിലബസ് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായി തമിഴ്നാട് മോഡൽ ഫോർമുല സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആദ്യ റാങ്ക് പട്ടിക റദ്ദാക്കി പഴയ ഫോർമുലയനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സിലബസുകാരും തടസ്സ ഹർജിയുമായി സി.ബി.എസ്.ഇക്കാരും സുപ്രീംകോടതിയിലെത്തികേസ് നീണ്ടാൽ അലോട്ട്മെന്റ് തടസ്സപ്പെടുമെന്നതിനാൽ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയില്ല. ഈ വർഷത്തെ കീം പ്രവേശന നടപടികളിൽ ഇടപെടില്ലെന്നും രണ്ടാഴ്ചക്കുശേഷം സർക്കാരിന്റെ വാദം കേൾക്കാമെന്നും സുപ്രീംകോടതി നിലപാടെടുത്തതോടെയാണ് അനിശ്ചിതത്വമൊഴിഞ്ഞത്.
മാർക്ക് സമീകരണത്തിനുള്ള വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് മാസങ്ങൾക്ക് മുൻപ് ലഭിച്ചിട്ടും തീരുമാനം വൈകിപ്പിച്ചത് സർക്കാരിന് തിരിച്ചടിയായി. പ്രോസ്പെക്ടസ് പുറത്തിറക്കിയ ശേഷം വ്യവസ്ഥകളിൽ മാറ്റം വരുത്താമെന്ന വകുപ്പ് ഉൾപ്പെടുത്തിയിരുന്നെങ്കിലും, പ്രോസ്പെക്ടസിലെ ഭേദഗതികൾ വിദ്യാർത്ഥികൾക്ക് ദോഷകരമാകരുതെന്ന സുപ്രീംകോടതി ഉത്തരവ് സർക്കാർ വിസ്മരിച്ചു.

2011 മുതൽ എൻജിനിയറിങ് എൻട്രൻസ് സ്കോറും പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷാ മാർക്കുകളും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് പട്ടിക ഉണ്ടാക്കിയിരുന്നത്. എന്നാൽ പുതിയ മാർക്ക് സമീകരണ രീതി വന്നതോടെ സംസ്ഥാന സിലബസ് വിദ്യാർത്ഥികൾക്ക് റാങ്കിൽ വലിയ തിരിച്ചടിയുണ്ടായി. 6000 റാങ്കുവരെ പിന്നോട്ട് പോയവരുണ്ട്. ആദ്യ പട്ടികയിലെ എട്ടാം റാങ്കുകാരൻ 185-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

റാങ്ക് ലിസ്റ്റിലും പ്രവേശനത്തിലും സുപ്രീംകോടതി ഇടപെടാത്തത് സംസ്ഥാന സിലബസുകാർക്ക് തിരിച്ചടിയാണ്. സർക്കാർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് കൂടുതൽ ഫീസ് നൽകി സ്വാശ്രയത്തിൽ ചേരേണ്ടി വരും. അതേസമയം, ഇതേ ഫോർമുല തുടരണമെന്നാണ് സി.ബി.എസ്.ഇക്കാരുടെ ആവശ്യം. പ്രവേശനവും അലോട്ട്മെന്റും വൈകുന്നത് വിദ്യാർത്ഥികളെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകാൻ പ്രേരിപ്പിക്കും. എല്ലാവർഷവും അറുപതിനായിരം കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നതായാണ് കണക്ക്. ഈ വർഷം എണ്ണം കൂടിയേക്കാം.

ഈ വർഷം മാത്തമാറ്റിക്സിന് ഉയർന്ന വെയ്റ്റേജ് നൽകിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി മാർക്കുകൾ 5:3:2 അനുപാതത്തിൽ അതായത് 150, 90, 60 എന്നിങ്ങനെ വെയ്റ്റേജിലാണ് പരിഗണിച്ചത്. ഇത് എൻജിനിയറിങ് പഠിക്കാൻ മികച്ച കുട്ടികളെ കണ്ടെത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഫോർമുല മാറിയതോടെ മാത്തമാറ്റിക്സിന്റെ വെയ്റ്റേജും ഇല്ലാതായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img