05:31am 13 October 2025
NEWS
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഇ.ഡി എത്തും
12/10/2025  02:02 PM IST
nila
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഇ.ഡി എത്തും

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എത്തും. ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കേസിൽ ഇടപെടാൻ ഇഡി തീരുമാനിച്ചത്. വൈകാതെ പ്രാഥമിക അന്വേഷണം നടത്തുമെന്നും അതിനു ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കും എന്നുമാണ് റിപ്പോർട്ട്.  ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും പരിശോധിച്ച ശേഷമാകും വിശദമായ അന്വേഷണത്തിലേക്ക് കടക്കുക. 

ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് എഫ്ഐആറുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി കടത്തി എന്നതാണ് ഒരു കേസ്. കട്ടിളപ്പാളിയിലെ സ്വർണം പതിപ്പച്ച പാളികൾ കടത്തിയ സംഭവത്തിലാണ് മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് രണ്ടു കേസിലും ഒന്നാം പ്രതി. 

ദ്വാരപാലക ശിൽപത്തിലെ സ്വർണം കടത്തിയ സംഭവത്തിൽ ഒൻപത് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ), സുനിൽ കുമാർ (മുൻ അസിസ്റ്റന്റ് എഞ്ചിനീയർ), ഡി സുധീഷ് കുമാർ (മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ), ആർ ജയശ്രീ (മുൻ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുൻ തിരുവാഭരണ കമ്മീഷണർ), ആർ ജി രാധാകൃഷ്ണൻ (മുൻ തിരുവാഭരണ കമ്മീഷണർ), രാജേന്ദ്ര പ്രസാദ് (മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ), രാജേന്ദ്രൻ നായർ (മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ), ശ്രീകുമാർ (മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ആയിരിക്കും ആദ്യം ചോദ്യം ചെയ്യുക. പ്രതികൾക്ക് ഹാജരാകാൻ നോട്ടീസ് നൽകും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. പ്രതികളെ ഉടൻ ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ വേഗത്തിലാക്കാനുമാണ് തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img