09:28am 09 September 2026
NEWS
ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം: 27 പേർക്കെതിരെ പിഎംഎൽഎ കേസ്; ഗൂഢാലോചനയും അന്വേഷിക്കും
09/09/2026  08:51 AM IST
nila
ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം: 27 പേർക്കെതിരെ പിഎംഎൽഎ കേസ്; ഗൂഢാലോചനയും അന്വേഷിക്കും

ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണത്തിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിണറായി വിജയന്റെ സ്വകാര്യ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം ഇഡി കേസെടുത്തു. പൊലീസ് കേസിൽ പ്രതികളായ 27 പേരെയും ഇഡി കേസിലും പ്രതികളാക്കിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണം നേരിടുന്നവരിൽനിന്ന് പ്രതികൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ, സംഭവത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.

സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ഇഡി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ഇതാദ്യമായാണ്. വധശ്രമവും ഗൂഢാലോചനയും പിഎംഎൽഎ നിയമത്തിലെ ഷെഡ്യൂൾഡ് ഒഫൻസുകളിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളായതിനാലാണ് പൊലീസ് എഫ്ഐആറിൽ പ്രതികളാക്കിയവരെ ഇഡിയും കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മെയ് 27നാണ് കേസിനാസ്പദമായ സംഭവം. പിണറായി വിജയന്റെ സ്വകാര്യ വസതിയിൽ പരിശോധന പൂർത്തിയാക്കി കാറിൽ മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 27 പേരെയാണ് പൊലീസ് പ്രതികളാക്കിയത്.

അതേസമയം, പൊലീസ് അന്വേഷണം ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിലേക്ക് നീളാത്തതിൽ ഇഡിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെയാണ് കേസിൽ നേരിട്ട് ഉൾപ്പെട്ടവരെ മാത്രമല്ല, സംഭവത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനയും വിശദമായി പരിശോധിക്കാൻ ഇഡി തീരുമാനിച്ചത്.

ആക്രമണത്തിന് പിന്നിൽ ആരുടെയെങ്കിലും സാമ്പത്തിക സഹായമോ ഇടപെടലോ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img