11:56pm 12 November 2026
NEWS
ഊർജ്ജ വിപണിയിൽ പ്രതിസന്ധി; ചില എൽ.എൻ.ജി കരാറുകളിൽ 'ഫോഴ്സ് മജൂർ' പ്രഖ്യാപിച്ച് ഖത്തർ എനർജി
25/03/2026  04:02 PM IST
nila
ഊർജ്ജ വിപണിയിൽ പ്രതിസന്ധി; ചില എൽ.എൻ.ജി കരാറുകളിൽ ഫോഴ്സ് മജൂർ പ്രഖ്യാപിച്ച് ഖത്തർ എനർജി

ദോഹ: ഇറാനെതിരായ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ, ദീർഘകാല എൽ.എൻ.ജി (LNG) വിതരണ കരാറുകളിൽ ഖത്തർ എനർജി 'ഫോഴ്സ് മജീർ' (Force Majeure) പ്രഖ്യാപിച്ചു. ഇറ്റലി, ബെൽജിയം, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാറുകളെയാണ് ഈ തീരുമാനം ബാധിക്കുക. അപ്രതീക്ഷിത കാരണങ്ങളാൽ കരാർ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കമ്പനികൾക്ക് ഉപയോഗിക്കാവുന്ന നിയമപരമായ ഇളവാണിത്.കഴിഞ്ഞ ദിവസം റാസ് ലഫാൻ ഗ്യാസ് പ്ലാന്റിന് നേരെയുണ്ടായ ഇറാന്റെ ആക്രമണം ഖത്തറിന്റെ ഊർജ്ജ മേഖലയ്ക്ക് വൻ ആഘാതമേൽപ്പിച്ചതായി ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ബിൻ ഷെരീദ അൽ കാബി അറിയിച്ചു.ആക്രമണത്തിൽ രണ്ട് എൽ.എൻ.ജി ട്രെയിനുകൾക്കും ഒരു ഗ്യാസ്-ടു-ലിക്വിഡ് പ്ലാന്റിനും കേടുപാടുകൾ സംഭവിച്ചു. ഇതോടെ രാജ്യത്തിന്റെ ആകെ കയറ്റുമതി ശേഷിയുടെ 17 ശതമാനം നിലച്ചു.പ്രതിവർഷം 20 ബില്യൺ ഡോളറിന്റെ വരുമാന നഷ്ടമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കേടുപാടുകൾ പരിഹരിക്കാൻ 3 മുതൽ 5 വർഷം വരെ സമയമെടുത്തേക്കാം.
ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ-വാതക വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും വിതരണത്തെ സാരമായി ബാധിച്ചു.ഇറാനിലെ സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരി അപലപിച്ചു. ഖത്തറിന്റെ നോർത്ത് ഫീൽഡിന്റെ തുടർച്ചയായ ഈ ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം, മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img