
എമ്പുരാൻ സിനിമയിലെ വിവാദങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ് ഗോകുലം ഗോപാലൻ. ആരെയും വേദനിപ്പിക്കാനെടുത്ത ചിത്രമല്ല എമ്പുരാൻ എന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം. പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന് കരുതിയാണ് താൻ സിനിമയുമായി സഹകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലുള്ള എമ്പുരാൻ റിലീസായതിന് പിന്നാലെ വലിയ വിവാദമാണ് ഉടലെടുത്തത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഇതോടെ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ സിനിമക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുലം ഗോപാലൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ പൃഥ്വിരാജിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ വെളിപ്പെടുത്തി. സിനിമ കാണുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ വരുത്തണമെന്നാണ് നിർമ്മാതാവ് സംവിധായകന് നൽകിയിരിക്കുന്ന നിർദ്ദേശം. തൽക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ നാലായിരത്തോളം തീയറ്ററുകൾ പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ ഏകദേശം നാൽപ്പത് ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമ സെൻസർ ചെയ്തപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി. പക്ഷെ സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണ്. മോഹൻലാലിനും തനിക്കുമൊന്നും ആരെയും വിഷമിപ്പിക്കാൻ താൽപര്യം ഇല്ലെന്നും ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.











