
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ച(28)നെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2023 മാർച്ചിൽ രണ്ടുതവണയായി മൂന്നുലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന കോഴിക്കോട് കല്ലായി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
യുവതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ്‌കുമാർ, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവർ ചേർന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി പല ആളുകളിൽനിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നും സമാനകുറ്റകൃത്യം നടത്തിയതിന് യുവതിയുടെ പേരിൽ എറണാകുളം പൊലീസ് സ്റ്റേഷനിൽ രണ്ട് കേസും വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.










