
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെതിരെ കേസെടുക്കും. ശ്രീതുവിനെതിരെ തൊഴിൽ തട്ടിപ്പിനാണ് കേസെടുക്കുക. നിലവിൽ മൂന്നു പരാതികളാണ് ശ്രീതുവിനെതിരെ ലഭിച്ചിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്.
ദേവസ്വം ബോർഡിൽ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണ് താനെന്ന് പറഞ്ഞാണ് ശ്രീതു തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്നുമായിരുന്നു യുവതിയുടെ വാഗ്ദാനം. പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
ഈ പണമെല്ലാം വീടുവച്ചു നൽകാനായി ജ്യോത്സ്യൻ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ശ്രീതുവിനെതിരെ ദേവീദാസനും പൊലീസിനു മൊഴി നൽകി. ആറേഴു മാസം മുൻപ് അവസാനമായി കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭർത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസൻ മൊഴി നൽകി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തും.










