
ദോഹ: സിറിയൻ അറബ് റിപ്പബ്ലിക്കിൽ നിന്നുള്ള 180 തീർത്ഥാടകർക്ക് ഈ വർഷത്തെ (ഹിജ്റ 1447 / എ.ഡി. 2026) ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി നേരിട്ട് വഹിക്കും. അമീറിന്റെ പ്രത്യേക കാരുണ്യ ഗ്രാന്റ് (അമീരി ഗ്രാന്റ്) വഴിയാണ് തീർത്ഥാടകർക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്.
ഡമാസ്കസിലെ ഖത്തർ എംബസിയാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. സിറിയയും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തിന്റെയും അടുത്ത സഹകരണത്തിന്റെയും പ്രകടനമാണ് ഈ രാജകീയമായ നീക്കമെന്ന് എംബസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ തുടർച്ചയാണിത്. തീർത്ഥാടകരുടെ ഹജ്ജ് കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ എന്നും, ഇരു രാജ്യങ്ങളിലും സുരക്ഷയും സമാധാനവും സാഹോദര്യവും എന്നും നിലനിൽക്കട്ടെ എന്നും എംബസി ആശംസിച്ചു.










