
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സന്ദർശനത്തിനായി ദോഹയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ലുസൈൽ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും നിലവിലെ സംഘർഷാവസ്ഥയും പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു.സാങ്കേതികവിദ്യ, സുരക്ഷ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശക്തമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
ഖത്തറിന് നേരെയുണ്ടായ ഇറാനിയൻ അതിക്രമങ്ങളെ യുക്രെയ്ൻ പ്രസിഡന്റ് അപലപിച്ചു. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന നടപടികൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.പശ്ചിമേഷ്യയിലും യുക്രെയ്നിലും യുദ്ധം അടിയന്തരമായി നിർത്തലാക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. സൈനിക നീക്കങ്ങൾ മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്നും നയതന്ത്ര ചാനലുകൾ വഴി പ്രശ്നപരിഹാരം കാണണമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യുക്രെയ്ൻ പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം യുക്രെയ്ൻ പ്രസിഡന്റിനും സംഘത്തിനുമായി അമീർ ഉച്ചവിരുന്ന് ഒരുക്കി.











