
ദോഹ: പരിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഭരണകുടുംബാംഗങ്ങൾക്കും രാജ്യത്തെ വിശിഷ്ട വ്യക്തികൾക്കുമായി ഇഫ്താർ വിരുന്നൊരുക്കി. ലുസൈൽ കൊട്ടാരത്തിൽ വെച്ചായിരുന്നു പ്രൗഢഗംഭീരമായ വിരുന്ന് സംഘടിപ്പിച്ചത്.
അമീറിന്റെ പേഴ്സണൽ റെപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി, ശൈഖ് അബ്ദുള്ള ബിൻ ഖലീഫ അൽ താനി, ശൈഖ് ജാസിം ബിൻ ഖലീഫ അൽ താനി എന്നിവർ വിരുന്നിൽ പങ്കെടുത്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം, മറ്റ് മന്ത്രിമാർ, ഭരണകുടുംബാംഗങ്ങൾ, രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരും വിരുന്നിൽ സംബന്ധിച്ചു.
റമദാനിലെ സാഹോദര്യവും സ്നേഹവും പുതുക്കുന്നതിനും ഭരണനേതൃത്വവും പ്രമുഖരും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുമാണ് അമീർ ഇത്തരത്തിൽ വിരുന്നുകൾ സംഘടിപ്പിക്കാറുള്ളത്.











