
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനുമായി ഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന ഖത്തറിന്റെ ശക്തമായ നിലപാട് അമീർ ഫോൺ സംഭാഷണത്തിൽ ആവർത്തിച്ചു. മേഖലയെ കൂടുതൽ സംഘർഷങ്ങളിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി ഉത്തരവാദിത്തവും സയമനവും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാന ചർച്ചകളിൽ പങ്കാളികളാകാനും നിർണ്ണായകമായ ശ്രമങ്ങൾ നടത്താനും ഇറാൻ സർക്കാർ കാണിക്കുന്ന സന്നദ്ധതയെ അമീർ അഭിനന്ദിച്ചു.
താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സമാധാനപരമായ പരിഹാരങ്ങളാണ് ആവശ്യമെന്ന് അമീർ ഊന്നിപ്പറഞ്ഞു. ഈ വിഷയത്തിൽ പ്രസിഡന്റ് പെസഷ്കിയാൻ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച അമീർ, പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിലും, പ്രത്യേകിച്ച് മേഖലയിലെ ഇതര രാജ്യങ്ങളുമായുള്ള വിപുലമായ സംഭാഷണങ്ങളിലും പോസിറ്റീവായി തുടരാൻ ആഹ്വാനം ചെയ്തു.അമീറിന്റെ നയതന്ത്ര ശ്രമങ്ങൾക്ക് ഇറാന്റെ പ്രശംസ
മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഖത്തർ അമീർ നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ ഇറാൻ പ്രസിഡന്റ് പ്രശംസിച്ചു. സംഘർഷങ്ങൾ ലഘൂകരിക്കാൻ അമീർ സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പ്രാദേശികവും അന്തർദ്ദേശീയവുമായ സ്ഥിരതയ്ക്ക് ഉതകുന്ന തരത്തിൽ ഒരു കരാറിലേക്ക് എത്തുന്നതിന് അമീർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായും അതിൽ ഇറാൻ അതീവ താല്പര്യം പ്രകടിപ്പിക്കുന്നതായും പ്രസിഡന്റ് പെസഷ്കിയാൻ വ്യക്തമാക്കി.










