
ദോഹ:ഖത്തറിൽ നാളെ മഴയ്ക്കായുള്ള ഇസ്തിസ്ഖാ പ്രാർഥനയിൽ വിശ്വാസികൾ അല്ലാഹുവിലേക്ക് കൈകളുയർത്തും.
മഴയ്ക്കായി തേടുന്ന പ്രത്യേക ഇസ്തിസ്ഖാ നമസ്കാരവും പ്രാർഥനയും വ്യാഴാഴ്ച (നവംബർ 5) നടത്താൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്തതായി അമീരി ദീവാനാണ് ഇന്ന് (ബുധൻ) ഇതുസംബന്ധിച്ചപ്രസ്താവന പുറപ്പെടുവിച്ചത്.നാടൊട്ടുക്കും മഴ പെയ്യിക്കാൻ അല്ലാഹുവിനോട് പ്രാർഥിച്ചുകൊണ്ട് പ്രവാചകചര്യ (സുന്നത്ത്) പിന്തുടർന്നാണ് ഇസ്തിസ്ഖാ നമസ്കാരം നിർവഹിക്കുന്നത്. മഴ വൈകുന്ന വേളകളിലും ജലസമൃദ്ധിക്കായുള്ള കാത്തിരിപ്പിലും വിശ്വാസികൾ ഒത്തുചേർന്ന് പാപമോചനവും ദൈവകാരുണ്യവും തേടുന്നതാണ് ഈ ചടങ്ങ്.
രാജ്യത്ത് മഴക്കാലം ആരംഭിക്കുന്നതോടെ സാധാരണയായി ഇസ്തിസ്ഖാ പ്രാർഥനകൾ നടക്കാറുണ്ട്. കഴിഞ്ഞ വർഷം നവംബറിലും അമീറിന്റെ ആഹ്വാനപ്രകാരം ലുസൈൽ ഈദ് ഗാഹിൽ നടന്ന നമസ്കാരത്തിൽ അമീറും വിശ്വാസികളോടൊപ്പം പങ്കെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ രാജ്യത്തെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും ഇസ്തിസ്ഖാ നമസ്കാരം നടക്കും










