08:03pm 26 May 2026
NEWS
അടിയന്തര തയ്യാറെടുപ്പുകള്‍ ബി.എം.എച്ച് ലൈഫ് ലൈനര്‍ അടുത്ത ഘട്ടത്തിലേക്ക്
26/05/2026  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അടിയന്തര തയ്യാറെടുപ്പുകള്‍ ബി.എം.എച്ച് ലൈഫ് ലൈനര്‍ അടുത്ത ഘട്ടത്തിലേക്ക്

കൊച്ചി: പൊതുജനളെ അടിയന്തര ചികിത്സാ തയ്യാറെടുപ്പുകള്‍ക്ക് സന്നദ്ധമാക്കുന്ന ബിഎംഎച്ച് ലൈഫ് ലൈനര്‍ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ കമ്മ്യൂണിറ്റി എമര്‍ജന്‍സി തയ്യാറെടുപ്പ് പ്രസ്ഥാനമായ 'ലൈഫ്ലൈനര്‍' രാജ്യത്തുടനീളം ഇതിനകം 30,000ത്തിലേറെ പേര്‍ക്ക് ജീവന്‍രക്ഷാ പരിശീലനവും അവബോധവും നല്‍കിക്കഴിഞ്ഞു. ആദ്യ വര്‍ഷം ലൈഫ്ലൈനര്‍ 407-ലധികം പരിശീലന സെഷനുകള്‍ സംഘടിപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള 347 സ്ഥാപനങ്ങളുമായി സഹകരിക്കുകയും ചെയ്തു. കേരളത്തില്‍  യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രവര്‍ത്തനങ്ങള്‍. സ്‌കൂളുകള്‍, കോളേജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പോലീസ് വകുപ്പുകള്‍, ആംബുലന്‍സ് ജീവനക്കാര്‍, എന്‍.ജി.ഒകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര തയ്യാറെടുപ്പിന്റെ  സംസ്‌കാരം ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ഈ സംരംഭത്തിന് സാധിച്ചു.

പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ലൈഫ്ലൈനര്‍ 2.0 ബി.എം.എച്ച് ഗ്രൂപ്പിന്റെ കീഴിലുള്ള മെയ്ത്ര ഹോസ്പിറ്റല്‍, നരുവി ഹോസ്പിറ്റല്‍സ്, സ്റ്റാര്‍ ഹോസ്പിറ്റല്‍സ് എന്നിവയിലേക്കും വ്യാപിപ്പിക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, സ്‌കൂളുകള്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതികളും ബി.എം.എച്ച് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 200 ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വിതരണം ചെയ്യുകയും അവ കൈകാര്യം ചെയ്യുന്നതിനായുള്ള കൃത്യമായ പരിശീലനം നല്‍കുകയും ചെയ്യും. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച്, കൃത്യസമയത്ത് അടിയന്തര ചികിത്സ ലഭിക്കാത്തത് മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം 4.28 ലക്ഷത്തിലധികം ജീവനുകള്‍ നഷ്ടപ്പെടുന്നുണ്ട്. ഈ വിടവ് നികത്താനാണ് ലൈഫ്ലൈനര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 75 ദിവസത്തെ അഖിലേന്ത്യാ സി.പി.ആര്‍ സാക്ഷരതാ പര്യടനം 20 സംസ്ഥാനങ്ങളിലായി 16,000 കിലോമീറ്റര്‍ സഞ്ചരിച്ച് വലിയ ജനശ്രദ്ധ നേടിയിരുന്നു. 

ആരോഗ്യ സംരക്ഷണം വികസിക്കുമ്പോള്‍ നമ്മുടെ ഉത്തരവാദിത്തവും വികാസം പ്രാപിക്കണമെന്ന് കരുതുന്നതായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.ജി. അലക്‌സാണ്ടര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ജീവന്‍രക്ഷാ വൈദഗ്ധ്യം ലളിതമായി പകര്‍ന്നുനല്‍കാനാണ് ലൈഫ്ലൈനര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന'  കേരള ക്ലസ്റ്റര്‍ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീന്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img