ലോകം കാത്തിരിക്കുന്നു, മലയാളിയും

ഓൺലൈൻ മാധ്യമരംഗത്ത് പുത്തൻമാറ്റങ്ങൾക്ക് വഴിമരുന്നിട്ടേക്കുമെന്ന് കരുതുന്ന എക്സ്ടിവി ദൃശ്യമാധ്യമരംഗത്തും അടിമുടി മാറ്റങ്ങൾക്ക് കാരണഹേതുവാകും എന്നാണ് വിലയിരുത്തപ്പെടുന്നത്
News Desk – ലോകത്ത് ആരും ചിന്തിക്കാത്തത് അയാൾ ചിന്തിക്കും. ആരും പറയാത്തത് അയാൾ പറയും. അയാൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യും. ഇതാണ് കോര്‍പറേറ്റ് ഭീമൻ ഇലോൺ മസ്കിനെക്കുറിച്ച് മാലോകര്‍ പറയുന്നത്. എന്നും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ബിസിനസുകാരനാണ് ടെസ്ല ഗ്രൂപ്പ് മേധാവി കൂടിയായ മസ്ക്. പ്രമുഖ മൈക്രോചാറ്റിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ അദ്ദേഹത്തിന്റെ കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ഉയര്‍ന്ന ചോദ്യം ഇതായിരുന്നു. ട്വിറ്ററിനെ എങ്ങിനെയാണ് മസ്ക് മാറ്റിമറിക്കുക ? ആദ്യദിനം തന്നെ മസ്ക് ഒരു സിങ്കുമായിട്ടാണ് ട്വിറ്റര്‍ ഓഫീസിലേക്ക് കടന്നുവന്നത്. എന്നിട്ട് ലെറ്റ് ഇറ്റ് സിങ്ക് എന്ന് ട്വീറ്റ് ചെയ്തു, ട്വിറ്ററിന്റെ കഥ മുങ്ങട്ടെ എന്നാണ് മസ്ക് ലോകത്തോട് വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം കമ്പനി സി.ഇ.ഒയെ തന്നെ പുറത്താക്കി. പുത്തൻ പരിഷ്കാരമെന്നോണം ട്വിറ്ററിന്റെ പേരും ഐഡന്റി ലോഗോയും തന്നെ മാറ്റി മറിച്ചു. ഇന്ന് ട്വിറ്റര്‍ എക്സ് ആണ്. തുടര്‍ന്ന് വ്യാപകമായ പരിഷ്കാരങ്ങളാണ് മസ്ക് എക്സിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങൾ പല കോണുകളിൽ നിന്നുയരുന്നുണ്ടെങ്കിലും കാലത്തെ അതിജീവിക്കുന്ന പരിഷ്കാരങ്ങളും പരീക്ഷണങ്ങളും ഫലം കാണാൻ കാലതാമസം ഉണ്ടാകുമെന്ന പക്ഷത്തിലാണ് അദ്ദേഹം.
ഇപ്പോൾ ദേ ഏറ്റവും ഒടുവിൽ മസ്കിന്റെ പ്രഖ്യാപനം വന്നിരിക്കുന്നു. ആഗോള ഐ,ടി. ഭീമനായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യുട്യൂബിന് ബദൽ എക്സ് ഒരുക്കുന്നു. എക്സ് ടിവി എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ അണിയറപ്രവര്‍ത്തനങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. ഒരേസമയം ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ (ടിവി, മൊബൈൽ, വെബ്) വീഡിയോ സ്ട്രീം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് എക്സ് ടിവി വിഭാവനം ചെയ്യുന്നതത്രേ. ഓൺലൈൻ മാധ്യമരംഗത്ത് പുത്തൻമാറ്റങ്ങൾക്ക് വഴിമരുന്നിട്ടേക്കുമെന്ന് കരുതുന്ന എക്സ്ടിവി ദൃശ്യമാധ്യമരംഗത്തും അടിമുടി മാറ്റങ്ങൾക്ക് കാരണഹേതുവാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ കണ്ടന്റ് ക്രിയേറ്റേഴ്സും വര്‍ദ്ധിത വീര്യത്തിലാണ്. യുട്യൂബിന് ബദലായി ഒരുസംവിധാനം ഒരുങ്ങുമ്പോൾ അതിൽ യുട്യൂബിനേക്കാൾ ആകര്‍ഷണീയമായി എന്തെങ്കിലുമൊക്കെ ഉണ്ടാകും എന്നാണവര്‍ കരുതുന്നത്, മോണറ്റൈസേഷന്റെ (ഓൺലൈൻ വരുമാനം) കാര്യത്തിൽ പ്രത്യേകിച്ച്. മോണറ്റൈസേഷന്റെ കാര്യത്തിൽ യുട്യൂബ് ആദ്യം ലിബറൽ ആയിരുന്നെങ്കിലും ഇപ്പോൾ നടപടിക്രമങ്ങൾ ലേശം കടുപ്പത്തിലാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ എക്സ് ടിവി ആരോഗ്യപരമായ മത്സരത്തിന് വഴിയൊരുക്കാനാണ് സാദ്ധ്യത.
എക്സിൽ നിന്നും ഉദാരമായ വരുമാനസാദ്ധ്യത ഏവരും പ്രതീക്ഷിക്കുന്നു. ഇത് പ്രതിസന്ധിയായാൽ യുട്യൂബ് നയങ്ങൾ മയപ്പെടുത്താനുള്ള സാദ്ധ്യതയും തള്ളനാകില്ല. അതുകൊണ്ടുതന്നെ കണ്ടന്റ് ക്രിയേറ്റേഴ്സ് ആവേശത്തിലാണ്. അതിന്റെ അനുരണനങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. അതേസമയം, വിപ്ലവകാരിയ മസ്ക് വന്നതോടെ ട്വിറ്ററിന്റെ പഴയ പ്രതാപം നഷ്ടമായെന്നും അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ വ്യക്തിതാത്പര്യങ്ങൾക്ക് അധിഷ്ടിതമായതിനാൽ വലിയപ്രതീക്ഷയൊന്നും വേണ്ടതില്ലെന്നും അഭിപ്രായപ്പെടുന്നവരും ധാരാളം.
Photo Courtesy - Google