02:47pm 06 November 2026
NEWS
ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ നൽകിയിരുന്ന 21 മില്യൺ ഡോളർ സഹായം അമേരിക്ക നിർത്തലാക്കി

16/02/2025  02:54 PM IST
nila
ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ  നൽകിയിരുന്ന 21 മില്യൺ ഡോളർ സഹായം അമേരിക്ക നിർത്തലാക്കി

വാഷിങ്ടൺ: ഇന്ത്യയ്ക്ക് നൽകിയിരുന്ന 21 മില്യൺ ഡോളറിന്റെ സഹായം നിർത്തലാക്കിയതായി അമേരിക്ക. വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണത്തിനായി നൽകിയിരുന്ന ധനസഹായമാണ് അമേരിക്ക നിർത്തലാക്കിയത്. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം സർക്കാരിൽ പുതുതായി രൂപവത്കരിച്ച ഡിപ്പാർട്മെന്റ് ഓഫ് ഗവേൺമെന്റ് എഫിഷ്യൻസി (ഡോജ്) യാണ് ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ  നൽകിയിരുന്ന ധനസഹായം നിർത്തലാക്കിയത്. 

ഇന്ത്യക്കുപുറമെ, നേപ്പാൾ, കംബോഡിയ, സെർബിയ, ദക്ഷിണാഫ്രിക്ക, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കുള്ള സഹായവും നിർത്തലാക്കിയിട്ടുണ്ട്. ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ട് വഴിയാണ് തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ നികുതിദായകരുടെ പണം താഴെ പറയുന്ന ആവശ്യങ്ങൾക്കായി ചെലവഴിച്ചിരുന്നു. എന്നാൽ ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സർക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അമേരിക്കക്കാരുടെ നികുതി പണം വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമാണ് നടപടിയെന്നും പോസ്റ്റിലുണ്ട്.

അതേസമയം, റദ്ദാക്കിയ ഫണ്ടിനെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടൽ എന്നാണ് ബി.ജെ.പിയുടെ സാമൂഹിക മാധ്യമവിഭാ​ഗം ചുമതലയുള്ള അമിത് മാളവ്യ വിമർശിച്ചത്. വോട്ടുചെയ്യാൻ ഇന്ത്യയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 21 മില്യൺ ഡോളറോ, ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണ്. ആരാണ് ഇതിൽനിന്ന് നേട്ടം കൊയ്യുന്നത്. അത് ഭരിക്കുന്ന പാർട്ടിയല്ലാ എന്ന് ഉറപ്പാണ്, അദ്ദേഹം എക്സിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img