11:37pm 07 November 2026
NEWS
എക്സിന്റെ പ്രവർത്തനം നിലച്ചതിന് പിന്നിൽ വൻ സംഘമോ ഒരു രാജ്യമോ?

11/03/2025  08:05 AM IST
nila
എക്സിന്റെ പ്രവർത്തനം നിലച്ചതിന് പിന്നിൽ വൻ സംഘമോ ഒരു രാജ്യമോ?

സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിന് പിന്നിൽ സൈബർ ആക്രമണമെന്ന് ഇലോൺ മസ്ക്. തിനുപിന്നിൽ സംഘടിതശക്തി ഉണ്ടെന്നാണ് എക്സിന്റെ ഉടമ കൂടിയായ മസ്ക് ആരോപിക്കുന്നത്. വലിയ സൈബർ ആക്രമണം നേരിട്ടതിനെ തുടർന്നാണ് എക്സിന്റെ പ്രവർത്തനത്തിൽ തടസം നേരിട്ടതെന്ന് മസ്ക് വെളിപ്പെടുത്തി. ഒരു സംഘം ആളുകളോ അല്ലെങ്കിൽ ഒരു രാജ്യമോ ആകാം ഈ ആക്രമണത്തിന് പിന്നിലെന്നാണ് മസ്ക് ആരോപിക്കുന്നത്. എന്നാൽ, മസ്ക് ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. 

‘‘എക്‌സിനെതിരെ വലിയ സൈബർ ആക്രമണം ഉണ്ടായി, ഇപ്പോഴുമുണ്ട്. ഞങ്ങൾ ദിവസവും ആക്രമിക്കപ്പെടുന്നു. ധാരാളം സന്നാഹങ്ങൾ ഉപയോഗിച്ചാണ് ഇതു ചെയ്തത്. ഒന്നുകിൽ വലിയ, ഏകോപിത സംഘം അല്ലെങ്കിൽ ഒരു രാജ്യം ഇതിനു പിന്നിലുണ്ട് . കാരണക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്..’’– മസ്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. 

കഴിഞ്ഞദിവസം മൂന്നു തവണ എക്സിന്റെ പ്രവർത്തനം തടസ്സപ്പെട്ടെന്നാണു റിപ്പോർട്ട്. ഓരോ തടസ്സവും ഒരു മണിക്കൂറോളം നീണ്ടു. ഡൗൺഡിറ്റക്ടർ പറയുന്നതനുസരിച്ച്, ഉച്ചകഴിഞ്ഞ് 3 മണിയോടെയാണു തടസ്സങ്ങൾ കണ്ടത്. ഇന്ത്യൻ ഉപയോക്താക്കൾ ഏകദേശം 2,200 റിപ്പോർട്ടുകൾ രേഖപ്പെടുത്തി. വൈകിട്ട് 7.30ന് വീണ്ടും 1,500 റിപ്പോർട്ടുകൾ വന്നു. രാത്രി 9 മണിയോടെയും പ്രശ്‌നങ്ങൾ നേരിട്ടു. 52 ശതമാനം പ്രശ്‌നങ്ങളും വെബ്‌സൈറ്റുമായി ബന്ധപ്പെട്ടതാണ്. 41 ശതമാനം ആപ്പുമായി ബന്ധപ്പെട്ടതും 8 ശതമാനം പ്രശ്‌നങ്ങൾ സെർവർ കണക്‌ഷനുമായി ബന്ധപ്പെട്ടതാണെന്നാണു വിവരം. ഇന്ത്യയിലുൾപ്പെടെ പലയിടത്തും ഇപ്പോഴും എക്‌സ് പ്രശ്നം നേരിടുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img