08:24pm 28 October 2026
NEWS
“അധികാരം ജനങ്ങളുടെ കൈയിലല്ല”; ഇറാനിലെ ഭരണക്രമത്തെ ചോദ്യം ചെയ്ത് എൽനാസ് നൊറൂസി
05/03/2026  08:58 AM IST
nila
“അധികാരം ജനങ്ങളുടെ കൈയിലല്ല”; ഇറാനിലെ ഭരണക്രമത്തെ ചോദ്യം ചെയ്ത് എൽനാസ് നൊറൂസി

ഇറാനിലെ ഭരണസംവിധാനം ജനാധിപത്യപരമല്ലെന്ന ശക്തമായ വിമർശനവുമായി നടി എൽനാസ് നൊറൂസി. കഴിഞ്ഞ 47 വർഷമായി ഇറാനിയൻ ജനത തിരഞ്ഞെടുക്കാത്തവരാണ് രാജ്യത്ത് അധികാരത്തിലെത്തുന്നതെന്നും, പരമോന്നത നേതൃസ്ഥാനത്തേക്കുള്ള നിയമനങ്ങളിലും ജനങ്ങൾക്ക് പങ്കില്ലെന്നും അവർ പറഞ്ഞു. ഇറാനിൽ ജനിച്ച എൽനാസ്, സേക്രഡ് ഗെയിംസ് എന്ന വെബ് സീരീസിലൂടെ ഇന്ത്യയിൽ ശ്രദ്ധേയയായ നടിയാണ്. പിന്നീട് കുടുംബത്തോടൊപ്പം രാജ്യം വിട്ട അവർ ഇപ്പോൾ ജർമനിയിലാണ് താമസം.

എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇറാൻ ഭരണകൂടത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പരമോന്നത നേതാവായിരുന്ന അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഹുസൈനി ഖമനേയിയെ പുതിയ നേതാവായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളോടാണ് എൽനാസ് പ്രതികരിച്ചത്. “ഇറാനിൽ അധികാരത്തിലേക്ക് എത്തുന്നവരെ ജനങ്ങൾ തിരഞ്ഞെടുക്കുന്നില്ല. ഞങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമില്ല. എല്ലാം ഞങ്ങൾക്ക് അപ്പുറമാണ്,” - താരം പറയുന്നു.

ഇറാനിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും, കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഇപ്പോൾ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും എൽനാസ് പറഞ്ഞു. “വിവരവിനിമയ സംവിധാനങ്ങൾ തകരാറിലാണ്. സാധാരണക്കാർ വീടുകളിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്. ഡൊണാൾഡ് ട്രംപ് അടക്കമുള്ളവർ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. കിരീടാവകാശിയായ റെസ പഹലവിയും ഇതേ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്,” എന്നും അവർ വ്യക്തമാക്കി.

രാജ്യത്ത് നല്ല ജീവിതസാധ്യത ഇല്ലാത്തതിനാൽ ലക്ഷക്കണക്കിന് ഇറാനികൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയതും ഒരു തലമുറയുടെ വേദനയാണെന്ന് എൽനാസ് ചൂണ്ടിക്കാട്ടി. “ഇറാൻ ജനത അവരുടെ രാജ്യം തിരികെ നേടാൻ ശ്രമിക്കുകയാണ്. എന്നാൽ അതൊരു ദീർഘവും വേദനാജനകവുമായ പോരാട്ടമാണ്,” - അവർ പറഞ്ഞു.

ഇന്ത്യൻ സിനിമയിൽ സജീവമായ എൽനാസ്, കാണ്ഡഹാർ, ഡെവിൾ: ദ ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്, ടെഹ്റാൻ, മസ്തി 4 തുടങ്ങിയ സിനിമകളിലും, മെയ്ഡ് ഇൻ ഹെവൻ, ദ ട്രെയ്റ്റേഴ്സ്, രണ്നീതി: ബാലക്കോട്ട് ആൻഡ് ബിയോണ്ട് എന്നീ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img