
കാക്കനാട്: ചേനവിത്ത് നട്ടുനനച്ചപ്പോൾ മുളച്ചുവന്നത് സാധാരണ ചേനത്തണ്ടല്ല. വളർച്ച പൂർത്തിയായപ്പോൾ വാഴക്കുലയെ ഓർമിപ്പിക്കുന്ന രൂപത്തിലേക്ക് മാറിയതോടെ കാക്കനാട് ഇടച്ചിറ അകംപുറത്തെ ബഷീറിന്റെ തൊടിയിൽ കൗതുകമായി മാറി ഈ ചേന.
ഇടച്ചിറ അകംപുറത്ത് പൊതുപ്രവർത്തകനായ ബഷീറിന്റെ പറമ്പിലാണ് അപൂർവ കാഴ്ച. നട്ടുവളർത്തിയ ചേനവിത്ത് മുളച്ചുതുടങ്ങിയപ്പോൾ ഇത്തരമൊരു രൂപമാറ്റം സംഭവിക്കുമെന്ന് ബഷീർ കരുതിയിരുന്നില്ല. എന്നാൽ മുള വളർന്നതോടെ പടലകളായി തിരിഞ്ഞ് കായകൾ രൂപപ്പെടുകയായിരുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ ചേനയിൽ വളർന്നത് ഒരു വാഴക്കുലയാണെന്നുതന്നെ തോന്നും.
കൗതുകച്ചേന പറമ്പിൽനിന്ന് പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതോടെ സംഭവം നാട്ടിൽ വലിയ ചർച്ചയായി. അപൂർവ കാഴ്ച നേരിൽ കാണാൻ നിരവധി പേരാണ് ബഷീറിന്റെ വീട്ടിലേക്ക് എത്തുന്നത്.
വിവരം അറിഞ്ഞ് കാക്കനാട് കൃഷി ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ചേനയിൽ വളർന്നത് യഥാർഥ വാഴക്കുലയല്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ചേനയിൽ ഇത്തരത്തിലുള്ള അസാധാരണ രൂപമാറ്റം സംഭവിച്ചതിന് പിന്നിൽ ജനിതകമാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാകാമെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. എന്തായാലും ‘ചേനവാഴക്കുല’ കാണാനുള്ള കൗതുകത്തിൽ ബഷീറിന്റെ വീട്ടിലേക്ക് ഇപ്പോഴും സന്ദർശകരുടെ തിരക്കാണ്.









