10:47am 12 November 2026
NEWS
വൈദ്യുതി പർച്ചേസ് വിവാദത്തിന് താൽക്കാലിക വിരാമം; ക്ലിഫ് ഹൗസിൽ സമവായ ചർച്ച; പുതിയ കരാറിന് ധാരണ
12/11/2026  10:27 AM IST
nila
വൈദ്യുതി പർച്ചേസ് വിവാദത്തിന് താൽക്കാലിക വിരാമം; ക്ലിഫ് ഹൗസിൽ സമവായ ചർച്ച; പുതിയ കരാറിന് ധാരണ

 

തിരുവനന്തപുരം: സർക്കാരിനുള്ളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ച വൈദ്യുതി പർച്ചേസ് തർക്കത്തിൽ താൽക്കാലിക സമവായം. മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്ത ക്ലിഫ് ഹൗസിലെ ചർച്ചയിലാണ് ഭിന്നതകൾക്ക് അയവുവന്നത്. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ക്ഷാമമില്ലെന്നും അടുത്ത രണ്ടുമാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്ഇബി എംഡിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയെന്ന പ്രചാരണം മുഖ്യമന്ത്രി നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ശേഷമാണ് എംഡിയുമായി സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ചർച്ചയിൽ സണ്ണി ജോസഫ് എതിർപ്പുകളൊന്നും ഉന്നയിച്ചില്ലെന്നാണ് വിവരം. ഭാവിയിലെ വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് പുതിയ കരാറിനുള്ള സാധ്യതകൾ പരിശോധിക്കാനും ധാരണയായി. ബോർഡ്-കോർപറേഷൻ ചർച്ചകൾക്കിടെയാണ് വൈദ്യുതി പർച്ചേസ് വിവാദവും ചർച്ചയായത്.

ജിഎൻഎയുമായുള്ള വൈദ്യുതി കരാർ റദ്ദാക്കിയതും ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കവും സംബന്ധിച്ച തീരുമാനങ്ങളാണ് മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് കാരണമായത്. ജിഎൻഎയിൽനിന്ന് തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനിടയാക്കിയിരുന്നു.

വൈദ്യുതി ബോർഡ് ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുത്തെന്നാണ് വാർത്തകളിലൂടെ മനസിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വകുപ്പുമന്ത്രിയെ അറിയിക്കാതെ ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കുന്നതിലുള്ള അതൃപ്തിയാണ് ഇതിലൂടെ പുറത്തുവന്നത്.

എന്നാൽ മന്ത്രിയുടെ ആരോപണം മുഖ്യമന്ത്രി തള്ളിയതോടെ വിവാദം കൂടുതൽ ശക്തമായി. കെഎസ്ഇബി അയച്ച ഫയൽ മന്ത്രിയാണ് തനിക്ക് കൈമാറിയതെന്നും തീരുമാനമെടുത്ത ശേഷം അത് മന്ത്രിക്ക് തിരിച്ചുനൽകുകയായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടർന്ന് പരസ്യമായി മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ വാദപ്രതിവാദം ഉണ്ടായത് സർക്കാരിനുള്ളിലെ ഭിന്നതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചു.

അതിനിടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെയുണ്ടായ സംഭവവികാസങ്ങൾ ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ സമവായ ചർച്ച നടന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img