12:11pm 24 September 2026
NEWS
വൈദ്യുതി കണക്‌ഷൻ എടുക്കാൻ ഇനി വൻ ചെലവ്! ഫീസ് കുത്തനെ കൂട്ടി
24/09/2026  09:49 AM IST
nila
വൈദ്യുതി കണക്‌ഷൻ എടുക്കാൻ ഇനി വൻ ചെലവ്! ഫീസ് കുത്തനെ കൂട്ടി

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കുന്നവർക്ക് ഇനി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. പുതിയ കണക്‌ഷനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ചില വിഭാഗങ്ങളിൽ നിലവിലെ നിരക്കിന്റെ മൂന്നിരട്ടി വരെയാണ് വർധന. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നിരക്ക് പ്രകാരം പോസ്റ്റ്, അധിക വയർ, ട്രാൻസ്‌ഫോർമർ തുടങ്ങിയവ ആവശ്യമായ കണക്‌ഷനുകൾക്ക് വലിയ തുക നൽകേണ്ടിവരും. അതേസമയം, ഇത്തരം അധിക സൗകര്യങ്ങൾ ആവശ്യമില്ലാത്ത ചില കണക്‌ഷനുകൾക്ക് അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാകും.

ലൈനിൽനിന്ന് 200 മീറ്ററിനുള്ളിലുള്ള കണക്‌ഷനുകൾക്ക് പോസ്റ്റും മറ്റ് സാമഗ്രികളും ആവശ്യമായാലും ഇല്ലെങ്കിലും ഇനി ഒരേ നിരക്കായിരിക്കും. നേരത്തെ ഇവയ്ക്ക് വ്യത്യസ്ത നിരക്കുകളായിരുന്നു. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷ നൽകുന്ന സമയത്തുതന്നെ ഫീസ് അടയ്ക്കാനും കഴിയും. നിലവിൽ കെ.എസ്.ഇ.ബി. ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

എന്നാൽ 200 മീറ്ററിന് അപ്പുറത്ത് അധിക പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായ കണക്‌ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഈ വിഭാഗത്തിലെ നിരക്കുകളും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ നൽകാൻ റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

ഗാർഹിക കണക്‌ഷന് പുതിയ നിരക്ക്

രണ്ട് കിലോവാട്ട് വരെ സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്‌ഷന് ഇനി 2,000 രൂപ നൽകണം. നിലവിൽ അഞ്ച് കിലോവാട്ട് വരെയുള്ള കണക്‌ഷന് 1,740 രൂപയായിരുന്നു നിരക്ക്.

രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാർഹിക കണക്‌ഷന്റെ നിരക്ക് 1,740 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തി.

ഗാർഹികേതര കണക്‌ഷനുകൾക്കും നിരക്ക് വർധിച്ചിട്ടുണ്ട്. ഒരു കിലോവാട്ട് വരെയുള്ള കണക്‌ഷന് 2,500 രൂപയും രണ്ട് കിലോവാട്ട് വരെയുള്ളതിന് 3,000 രൂപയുമാണ് പുതിയ നിരക്ക്.

ത്രീഫെയ്‌സ് കണക്‌ഷനും ചെലവേറും

ത്രീഫെയ്‌സ് കണക്‌ഷനിലും വലിയ വർധനയാണ് വരുത്തിയത്. അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള കണക്‌ഷന് നേരത്തെ 4,220 രൂപയായിരുന്നു. ഇനി അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയും നൽകണം.

കണക്‌റ്റഡ് ലോഡ് കൂടുന്നതിനനുസരിച്ച് ഫീസ് വർധനയും ഉയരും.

എൽ.ടി. ത്രീഫെയ്‌സിൽ 10 മുതൽ 25 കിലോവാട്ട് വരെയുള്ള കണക്‌ഷന് നിലവിൽ 14,420 രൂപയായിരുന്നു. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതം നൽകണം. 25 കിലോവാട്ട് കണക്‌ഷന് 39,000 രൂപയാകും.

30 മുതൽ 40 കിലോവാട്ട് വരെയുള്ള കണക്‌ഷന് ഓരോ കിലോവാട്ടിനും 2,890 രൂപയാണ് പുതിയ നിരക്ക്. 50 മുതൽ 100 കിലോവാട്ട് വരെയുള്ള കണക്‌ഷന് ഓരോ കിലോവാട്ടിനും 5,670 രൂപയും നൽകണം.

50 കിലോവാട്ടിന് 2.11 ലക്ഷം രൂപ

നിരക്ക് വർധനയുടെ വലിയ ആഘാതം 50 കിലോവാട്ട് കണക്‌റ്റഡ് ലോഡുള്ള കണക്‌ഷനുകളിലാണ്. നിലവിൽ 21,750 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി 2.11 ലക്ഷം രൂപ നൽകേണ്ടിവരും.

ഈ വിഭാഗത്തിൽ ട്രാൻസ്‌ഫോർമർ ആവശ്യമായി വന്നാലും അതിനോ മറ്റ് സാമഗ്രികൾക്കോ പ്രത്യേകം പണം ഈടാക്കില്ലെന്നതാണ് പുതിയ നിരക്കിലെ പ്രധാന വ്യവസ്ഥ.

അതേസമയം, കണക്‌റ്റഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്‌സ് കണക്‌ഷൻ ത്രീഫെയ്‌സായി മാറ്റുന്നതിന് കിലോവാട്ടിന് 700 രൂപ ഫീസ് ഈടാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img