08:12am 13 November 2026
NEWS
പുതിയ ദേശീയ വൈദ്യുതിനയം നടപ്പിലായാൽ വൈദ്യുതി ചാർജ്ജ് ഇനിയും കൂടും
22/01/2026  07:50 AM IST
nila
പുതിയ ദേശീയ വൈദ്യുതിനയം നടപ്പിലായാൽ വൈദ്യുതി ചാർജ്ജ് ഇനിയും കൂടും

ന്യൂഡൽഹി: വൈദ്യുതിനിരക്ക് ഇനി വർഷംതോറും സ്വമേധയാ ഉയരുമോ? വൈദ്യുതി ചാർജ്ജ് തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക്  ഇടപെടാൻ കഴിയാതെയാകുമോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് പുറത്തിറക്കിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങൾക്ക് ഇത് അധികഭാരം സൃഷ്ടിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി നയം എന്നാണ് ഉയരുന്ന വിമർശനം. സൗജന്യവൈദ്യുതിക്ക് സർക്കാർ നൽകുന്ന സബ്‌സിഡി മുൻകൂറായി നൽകണം. ഇപ്പോൾ മറ്റ് സർക്കാർ ബാധ്യതകളിൽ നിന്ന് തട്ടിക്കിഴിക്കുന്ന രീതി അവസാനിപ്പിക്കും. സബ്‌സിഡി ഒഴിവാക്കേണ്ടിവന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടിവരും.

നിരക്ക് ഇനി എങ്ങനെ നിശ്ചയിക്കും?

ഇപ്പോൾ വൈദ്യുതിവിതരണക്കമ്പനികൾ സമർപ്പിക്കുന്ന വരവ്–ചെലവ് കണക്കുകൾ പരിശോധിച്ചാണ് റെഗുലേറ്ററി കമ്മിഷനുകൾ നിരക്ക് നിശ്ചയിക്കുന്നത്. എന്നാൽ പുതിയ നയം നടപ്പായാൽ, കമ്മിഷനുകളുടെ പ്രത്യേക തീരുമാനം ഇല്ലെങ്കിലും വർഷംതോറും നിരക്ക് വർധിക്കുന്ന ‘ഓട്ടോമാറ്റിക് ഇൻഡക്സ്’ സംവിധാനം കൊണ്ടുവരും.

വൈദ്യുതി വാങ്ങൽച്ചെലവ് കൂടിയാൽ?

വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് വർധിച്ചാൽ, ആ തുക നേരിട്ട് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാം. ഇതിന് ഇനി റെഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമില്ല. സർച്ചാർജ് ചുമത്തുന്നതിലെ നിലവിലുള്ള നിയന്ത്രണങ്ങളും ഒഴിവാക്കും.

സ്വകാര്യ കമ്പനികൾക്ക് കൂടുതൽ അവസരം

വൈദ്യുതിവിതരണ ലൈനുകൾ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾക്കും വൈദ്യുതി വിതരണം ചെയ്യാൻ അനുമതി നൽകും. ഇതോടെ വൈദ്യുതിവിതരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിക്കും.

ക്രോസ് സബ്‌സിഡി തുടരുമോ?

ഒരു വിഭാഗത്തിന് ഉയർന്ന നിരക്ക് ചുമത്തി മറ്റൊരു വിഭാഗത്തിന് ഇളവ് നൽകുന്ന ക്രോസ് സബ്‌സിഡി സംവിധാനം ഒഴിവാക്കാനാണ് നിർദേശം. ഇതോടെ വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് നിരക്ക് വർധന നേരിടേണ്ടിവരും.

സംസ്ഥാനങ്ങളുടെ അധികാരം കുറയുമോ?

സമവർത്തി പട്ടികയിലുള്ള വൈദ്യുതി വിഷയത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് കുറയുകയും, പദ്ധതിയിടലും ഏകോപനവും കേന്ദ്ര വൈദ്യുതി അതോറിറ്റിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും എന്ന വിമർശനം ഉയർന്നിട്ടുണ്ട്.

നഷ്ടം കുറയ്ക്കാൻ എന്ത് വഴി?

വിതരണ–പ്രസരണ നഷ്ടം ഒറ്റയക്കത്തിലേക്ക് കുറയ്ക്കാൻ പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ നടപ്പാക്കും. റെയിൽവേ, മെട്രോ, നിർമാണയൂണിറ്റുകൾ എന്നിവയെ ക്രോസ് സബ്‌സിഡി സർച്ചാർജിൽ നിന്ന് ഒഴിവാക്കും.

ഊർജഭാവി

പാരമ്പര്യേതര ഊർജസ്രോതസ്സുകൾക്ക് കൂടുതൽ പ്രാധാന്യം നൽകും. ഗ്രിഡ് സ്ഥിരതയ്ക്കായി താപവൈദ്യുതി തുടരും. നവീന ആണവ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി 2047-ഓടെ 100 ഗിഗാവാട്ട് ശേഷി കൈവരിക്കുകയാണ് ലക്ഷ്യം.

കേന്ദ്രലക്ഷ്യം

2032-ഓടെ 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഊർജമേഖലയിൽ ആകർഷിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 2005-ലെ വൈദ്യുതിനയത്തിനു ശേഷം സ്ഥാപിത ശേഷി നാലിരട്ടിയായെങ്കിലും, വിതരണക്കമ്പനികളുടെ സഞ്ചിത നഷ്ടം 6.9 ലക്ഷം കോടി രൂപയായതാണ് പരിഷ്‌കരണത്തിന് കാരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img