
തിരുവനന്തപുരം:വൈദ്യുതി അപകടങ്ങളിൽപ്പെടുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും കരാർ തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി. മോട്ടോർ വാഹന ഇൻഷ്വറൻസ് മാതൃകയിൽ വൈദ്യുത അപകടങ്ങളിലും ഇൻഷ്വറൻസ് നടപ്പാക്കേണ്ടതാണെന്ന് കമ്മിഷൻ വ്യക്തമാക്കി.
വൈദ്യുത അപകടങ്ങളിൽപ്പെടുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതല്ലേ?
കരാർ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് നിർബന്ധമാണെങ്കിലും കരാറുകാർ അത് പാലിക്കുന്നില്ലെന്ന് തെളിവെടുപ്പിൽ പരാതി ഉയർന്നു.
സബ് സ്റ്റേഷനുകൾ അടക്കമുള്ള നിർമ്മിതികൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും വിശദാംശങ്ങൾ അറിയിക്കാമെന്നും കെ.എസ്.ഇ.ബി പ്രതിനിധികൾ വ്യക്തമാക്കി.
അടുത്ത ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പെറ്റീഷൻ നൽകാനുള്ള തീയതി നവംബർ 30-ൽ നിന്ന് ഡിസംബർ 31 വരെ നീട്ടിനൽകണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടെങ്കിലും, കമ്മിഷൻ ഇത് കർശനമായ സമയപരിധിക്കുള്ളിൽ നൽകണമെന്ന് നിർദ്ദേശിച്ചു.
വൈദ്യുതി നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട മൾട്ടി ഇയർ താരിഫ് ചട്ടത്തിന്റെ കരട് സംബന്ധിച്ച ഓൺലൈൻ തെളിവെടുപ്പിലാണ് ഈ നിർണായക വിഷയങ്ങൾ ചർച്ചയായത്.










