
ഇലക്ട്രിക് വാഹനങ്ങൾ നമ്മുടെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വളരെ വേഗത്തിൽ ചാർജ്ജ് ആവുകയും ദീർഘനേരം ഊർജ്ജം നൽകുകയും ചെയ്യുന്ന പുതിയതരം ബാറ്ററികൾ കണ്ടുപിടിക്കപ്പെട്ടതോടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റ് സജീവമായത്. ഒരു പ്രാവശ്യം ചാർജ്ജ് ചെയ്താൽ അഞ്ഞൂറു കിലോമീറ്റർ ദൂരം വരെ തടസ്സമില്ലാതെ വാഹനം ഓടിക്കാൻ സാധിക്കും. പല കമ്പനികളും പുതിയ മോഡലിൽ സാങ്കേതിക മികവുള്ള ബാറ്ററികൾ മാർക്കറ്റിൽ ഇറക്കുന്നുണ്ട്. ഈ വ്യവസായത്തിന്റെ ഗവേഷണ- വികസന ( ആർ ആൻഡ് ഡി ) മേഖല സജീവമാണ്. പെട്രോൾ, ഡീസൽ തുടങ്ങിയവരുടെ ക്ഷാമവും വിലക്കൂടുതലും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ കേന്ദ്ര ഗവണ്മെന്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നുണ്ട്. ഇരുപത് ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ(ഇവികൾ )നമ്മുടെ രാജ്യത്ത് സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ ഇരുചക്ര വാഹനങ്ങൾ, ഓട്ടോ റിക്ഷകൾ, കാറുകൾ, ബസ്സുകൾ എന്നിവയെല്ലാം ഉൾപ്പെടും. ഇലക്ട്രിക് ടൂ വീലറുകൾ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി കഴിഞ്ഞിട്ടുണ്ട്. കർണാടകത്തിന്റെ കാര്യമെടുത്താൽ ഏതാണ്ട് ഏഴര ലക്ഷം ഇ വികൾ സംസ്ഥാനത്ത് ഓടുന്നുണ്ട്. അതിൽ നല്ലൊരു ശതമാനം ബംഗളുരുവിലാണ്. ഇവികൾ സ്വന്തമാക്കി ഉപയോഗിക്കുന്നവരുടെ എണ്ണം നഗരത്തിൽ അനുദിനം വർദ്ധിച്ചു വരികയാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഇവികൾ ഉപയോഗിക്കുന്നവരുള്ള നഗരം ബംഗളുരുവാണ്. ഏറ്റവും കൂടുതൽ പബ്ലിക് ഇ വി ചാർജ്ജിങ് സ്റ്റേഷനുകളുള്ള രണ്ടാമത്തെ സംസ്ഥാനം കർണാടകയാണ്. 2039 പബ്ലിക് ഇ വി ചാർജ്ജിങ് സ്റ്റേഷനുകളുണ്ട് ഈ സംസ്ഥാനത്ത്. അതിൽ ഭൂരിഭാഗവും തലസ്ഥാനനഗരിയായ ബംഗളുരുവിലാണ്. ഒന്നാം സ്ഥാനം ഉത്തർ പ്രദേശിനാണ്. 2893 പബ്ലിക് ഇ വി ചാർജ്ജിങ് സ്റ്റേഷനുകൾ. സ്വകാര്യ ഇ വി ചാർജ്ജിങ് സ്റ്റേഷനുകൾ ഇതിന് പുറമെയാണ്. പലരും വീടുകളിൽ ഇ വി ബാറ്ററി ചാർജ്ജിങ് സംവിധാനമൊരുക്കിയിട്ടുണ്ട്. വൻകിട അപ്പാർട്മെന്റുകളിലും ചാർജ്ജിങ് സ്റ്റേഷനുകളുണ്ട്. പബ്ലിക് ഇ വി ചാർജ്ജിങ് സ്റ്റേഷനുകൾ നിർമ്മിച്ച് സർവീസ് ലഭ്യമാക്കുന്നത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളാണ്. അവരുടെ പുതിയ പ്രവർത്തന മേഖലയാണിത്. 2020-21 കാലയളവിൽ കേവലം 39 പബ്ലിക് ഇ വി ചാർജ്ജിങ് സ്റ്റേഷനുകളാണ് കർണാടകത്തിൽ ഉണ്ടായിരുന്നത്. അതാണ് 2026 ആയപ്പോഴേക്കും 2039 ആയി കുതിച്ചുയർന്നത്. ഇ വികളുടെ ഉത്പാദനം, വില്പന, പബ്ലിക് ചാർജ്ജിങ് സ്റ്റേഷനുകൾ എന്നിവ ബംഗളുരുവിൽ ഓരോ മാസവും വർധിച്ചുവരികയാണ്. ഇ വികൾ നിർമ്മിക്കുന്ന വൻകിട ഫാക്ടറികൾ നഗര പ്രാന്തത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Photo Courtesy - Google











