09:41pm 05 November 2026
NEWS
അപ്പെക്സ് ബോഡികളിലേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ:അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് കടുത്ത പോരാട്ടം
30/01/2025  10:14 PM IST
അപ്പെക്സ് ബോഡികളിലേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ:അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് കടുത്ത പോരാട്ടം

ഖത്തർ ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള അപ്പെക്സ് ബോഡികളുടെ ഭരണസമിതികളിലേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ നടക്കുന്നു. മൂന്ന് അപ്പെക്സ് ബോഡികളിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏഴ് പേരാണ് മത്സര രംഗത്തുള്ളത്.മുൻവർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യൻ കൾച്ചറൽ സെന്റർ(ICC) പ്രസിഡണ്ട് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡണ്ട് ശ്രീ എ പി മണികണ്ഠനും, ഐ സി ബി എഫ് , ഐ എസ് സി , ഐ ബി പി എൻ എന്നീ ബോഡികളുടെ വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ ഷെജി വലിയകത്തും മാററുരയ്ക്കുന്നു. ഒരു വട്ടം വൈസ് പ്രസിഡണ്ടും രണ്ടു വട്ടം പ്രസിഡണ്ടുമായിരുന്ന ശ്രീ മണികണ്ഠൻ മൂന്നാമൂഴത്തിനായാണ് ഇത്തവണ പൊരുതുന്നത്.തന്റെ നേതൃത്വപരമായ കാര്യക്ഷമതയും , മികവും കഴിഞ്ഞകാലങ്ങളിലെ ഐ സി സി യുടെ പ്രവർത്തനങ്ങളിലുണ്ടായ പുരോഗതിയും ഉയർത്തിക്കാട്ടി വോട്ട് ചോദിക്കുന്ന അദ്ദേഹം "ഒരേ സമൂഹം ഒറ്റ ലക്ഷ്യം" എന്ന മുദ്രാവാക്യവും മുന്നോട്ട് വയ്ക്കുന്നു. സി എ ഖത്തർ ചാപ്റ്റർ പ്രസിഡണ്ട്, ഇന്ത്യൻ സ്പോർട്സ് സെന്റർ(ISC) വൈസ് പ്രസിഡണ്ട് ,ഐ ബി പി സി വൈസ് പ്രസിഡണ്ട്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് നേതൃത്വ പാടവം തെളിയിച്ച പരിചയ സമ്പന്നതയുമായാണ് ശ്രീ ഷെജി വലിയകത്ത് ഐ സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഖത്തറിന്റെ കലാ കായിക സാംസ്കാരീക സാമൂഹ്യ രംഗത്ത് നിറസാന്നിദ്ധ്യമായ ശ്രീ ഷെജി വലിയകത്ത് "ടോപ് 5 അജണ്ടയുമായാണ് " മത്സരിക്കുന്നത്. കമ്മ്യൂണിറ്റി സ്കൂളും അതിനോടനുബന്ധിച്ചുള്ള വിപുലമായ സൗകര്യങ്ങളോട്കൂടിയ കമ്മ്യൂണിറ്റി ഹാളും യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമങ്ങൾക്കാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് ശ്രീ ഷെജി വലിയകത്ത് തന്റെ "ടോപ് 5 അജണ്ടയിൽ "പറയുന്നു. നൂതനമായ പല പുതിയ ആശയങ്ങളും കമ്മ്യുണിറ്റിയുടെ വികസനത്തിന് വേണ്ടി ആവിഷ്കരിക്കുമെന്ന് പറയുന്ന ശ്രീ മണികണ്ഠൻ മുൻവർഷങ്ങളിൽ കമ്മ്യൂണിറ്റിക്ക് വേണ്ടി വിജയകരമായി നടത്തിയ കലാ സാംസ്കാരിക പ്രവർത്തനങ്ങളും മുന്നേറ്റങ്ങളും പരിപാടികളും തന്റെ ഭരണസമിതിയുടെ നേട്ടങ്ങളായി എടുത്ത് കാണിക്കുന്നു. മാറ്റങ്ങൾ അനിവാര്യമാണെന്നും മാറ്റങ്ങളെ ഉൾകൊള്ളുമ്പോഴെ സമൂഹത്തിന് പുരോഗതി കൈവരുകയും വ്യത്യസ്തയിലെ മേന്മ അനുഭവമാകുകയുള്ളുവെന്നും ഒരു മാറ്റത്തിനു് വേണ്ടി എല്ലാവരും തയ്യാറാകണമെന്നും ശ്രീ ഷെജി വലിയകത്ത് അഭ്യർത്ഥിക്കുന്നു. "മാറ്റത്തെ ശാക്തീകരിക്കുക,പുരോഗതിയെ പ്രോത്സാഹിപ്പിക്കുക" എന്ന തന്റെ മുദ്രാവാക്യം കമ്മ്യൂണിറ്റിയുടെ സമസ്ത മേഖലകളുടേയും പൂരോഗതിക്കും സേവനത്തിനും ഊർജ്ജം പകരുന്നതാണെന്ന് പൊതു പ്രവർത്തന രംഗത്ത് കഴിവ് തെളിയിച്ച ശ്രീ ഷെജി വലിയകത്ത് പറയുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഐ സി ബി എഫ് പ്രസിഡണ്ടായി തുടരുന്ന ശ്രീ ഷാനവാസ് ടി ബാവ, കമ്മ്യൂണിറ്റിക്ക് വേണ്ടി തന്റെ ഭരണസമിതി നടത്തിയ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിയാണ് രണ്ടാമൂഴത്തിനായ് വോട്ട് തേടുന്നത്.ഐ സി ബി എഫി നെ കൂടുതൽ കാര്യക്ഷമമാക്കുവാനും, ഇൻഷൂറൻസ് പദ്ധതികൾ നടപ്പാക്കിയും , കരിയർ ക്ളിനിക്ക് സ്ഥാപിച്ചും , കോൺസുലർ സർവീസുകൾ കൂടുതൽ വിപുലമാക്കിയും കമ്മ്യൂണിറ്റിയെ കൂടുതൽ ചേർത്തു പിടിക്കുവാനും കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് ശ്രീ ഷാനവാസ് ബാവ പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ടാമൂഴം തേടുന്നത്. "ഒരുമിച്ച്, നമുക്ക് ഒന്നിച്ച് നയിക്കാം "ഐ സി ബി എഫ് നെ എന്ന മുദ്രാവാക്യവുമായ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീ സാബിത് സഹീർ കമ്മ്യൂണിറ്റിയിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ്.ഐ സി ബി എഫ് നെ കൂടുതൽ ജനകീയവും ജനോപകാര പ്രദവുമാക്കുമെന്ന പ്രതിജ്ഞയോടെ വോട്ടു തേടുന്ന ശ്രീ സാബിത് വലിയ വിജയ പ്രതീക്ഷയാണ് പുലർത്തുന്നത്. ബഹുഭൂരിക്ഷവും സാധാരണക്കാരായ ഖത്തറിലെ ഇന്ത്യൻ സമൂഹം തങ്ങളുടെ ഇടയിൽ നിന്നും ഒരു പ്രതിനിധിയെ പ്രസിഡണ്ടായി കാണുന്നു എന്നും അത് തന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ പൂവണിയുമെന്ന പ്രതീക്ഷയാണ് കമ്മ്യൂണിറ്റിക്കും തനിക്കും ഉള്ളതെന്ന് ഐ സി ബി എഫ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരാർത്ഥി ശ്രീ സിഹാസ്സ് ബാബു പറയുന്നു. മൂന്ന് സ്ഥാനാർത്ഥികളാണ് ഐ സി ബി എഫ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് രണ്ട് പേരാണ്. ശ്രീ ഇ പി അബ്ദുൾറഹിമാനും, ശ്രീ ആഷിക് അഹമ്മദും കമ്മ്യൂണിറ്റി സ്പോർട്സ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ്. ഖത്തറിലെ പ്രവാസ സമൂഹത്തിലെ കായികരംഗത്തും സാമൂഹ്യരംഗത്തും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് ഇരുവരും.ഒട്ടേറെ ഫുട്ബോൾ കായിക മേളകളും ടൂർണ്ണമെന്റുകളും സംഘടിപ്പിച്ച് സംഘാടന മികവും പ്രവർത്തന ശേഷിയും തെളിയിച്ച ഇരുവരും ഐ എസ് സി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് നവാഗതരായീട്ടല്ല.ശ്രീ അബ്ദുൾ റഹമാൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ടാമൂഴം തേടുമ്പോൾ , ശ്രീ ആഷീക്ക് അഹമ്മദ് ഐ സി സി യിലുൾപ്പെടെ മാനേജിംഗ് കമ്മിറ്റികളിലേക്ക് പലകുറി മത്സരിച്ചീട്ടുണ്ട്. നിലവിലെ പ്രസിഡണ്ട്മാർ രണ്ടാം വട്ടവും മൂന്നാംവട്ടവും വീണ്ടും മത്സരിക്കുന്നത് പുതിയ മുഖങ്ങൾക്കും യുവാക്കൾക്കും അവസരം നിഷേധിക്കലാണെന്നുള്ള ആക്ഷേപം പരക്കെ ചർച്ചചെയ്യപ്പെടുന്നു.തങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നതയും കമ്മ്യൂണിറ്റിക്ക് ഗുണപരമായ മുതൽകൂട്ടാണെന്ന മറുവാദം ഉയർത്തി അതിനെ നേരിട്ട് കൊണ്ട് പ്രചാരണ രംഗത്ത് ഇരുവിഭാഗവും വാശിയോടെ മുന്നേറി ആരോഗ്യകരമായ ഒരു മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img